കൊച്ചി: ജഡ്ജിമാര്‍ക്ക് കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിന് പണം നല്കിയ സിനിമാ നിര്‍മാതാവിനെ ചോദ്യം ചെയ്തു. ഇയാളുടെ ഭാര്യയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
പീഡനക്കേസില്‍ ജഡ്ജിയെ സ്വാധീനിച്ച് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് നിര്‍മാതാവില്‍നിന്ന് പണം വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്.
ഇതില്‍ ഉള്‍പ്പെട്ട നിര്‍മാതാവിനെയും ഭാര്യയെയും കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്വേഷണസംഘം ചോദ്യം ചെയ്തതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ മൊഴി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
ആരോപണമുയര്‍ന്നതിന് പിന്നാലെ ഹൈക്കോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അഭിഭാഷകനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷത്തോളം രൂപ കക്ഷികളില്‍നിന്ന് സൈബി കൈക്കൂലി വാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ പണം വാങ്ങിയത് ഫീസായിട്ടാണെന്നാണ് സൈബിയുടെ വാദം.