കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമാതാവിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി നിർദേശ പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപി അനിൽകാന്തിന് കൈമാറും.
ഇ-മെയിൽ മുഖാന്തരം ആണ് റിപ്പോർട്ട് കൈമാറുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം തുടരുക.
സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ നേരിട്ടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. അതേസമയം ആരോപണവിധേയനായ സൈബി ജോസ്, സിനിമാ നിർമാതാവ്, ഏതാനും ജൂണിയർ അഭിഭാഷകർ എന്നിവരിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഡ്വ. സൈബിയുടെ ചില രേഖകളും പോലീസ് പരിശോധിക്കുകയുണ്ടായി.അതേസമയം അഡ്വ. സൈബി ജോസ് കിടങ്ങൂർ തന്റെ കക്ഷികളിൽനിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ ഇയാൾ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.
സൈബിക്കെതിരെ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റീസിന്റെ നിർദേശ പ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടു നൽകിയത്.
ഈ റിപ്പോർട്ട് തുടർ നടപടികൾക്കായി ഡിജിപിക്കു കൈമാറിയതോടെയാണ് സംഭവത്തിൽ പ്രാഥമികാന്വേഷണം പോലീസ് ആരംഭിച്ചത്.