കുറവിലങ്ങാട്: കഴിഞ്ഞ മാസാവസാനത്തോടെ മധ്യപ്രദേശിൽ നിന്ന് കേരളത്തിൽ വണ്ടിയിറങ്ങുന്പോൾ ദീലിപിനും പിതാവിനും മോഹങ്ങളേറെയായിരുന്നു. പരന്പരാഗതമായി കരിങ്കൽ തൊഴിൽ നടത്തുന്ന ഇവരുടെ കുടുംബം കേരളത്തിലെത്തിയത് വീടിന്റെ അല്ലറ ചില്ലറ മോഹങ്ങൾക്കുള്ള പണം കണ്ടെത്താനായിരുന്നു. കേരളത്തിലെത്തി ഒരുമാസത്തോളം നീണ്ട പണിയ്ക്കിടയിൽ തന്റെ മടക്കം അച്ഛന്റെ ചേതനയറ്റശരീരവുമായാവുമെന്ന് ദീലിപെന്ന പതിനേഴുകാരൻ കരുതിയില്ല.
അതിലുപരി കരിങ്കൽ പാളികൾക്കിടയിൽപ്പെട്ട് ജീവനുവേണ്ടി തുടിക്കുന്ന അച്ഛന്റെയും ബന്ധുവിന്റേയും ചാരത്ത് നിസഹായനായി നോക്കി നിൽക്കേണ്ടിവരുമെന്നും ദിലീപ് കരുതിയിട്ടില്ല. ദീലിപിന്റെ ചിന്തകളിലെല്ലാം വീട്ടിലേയ്ക്കുള്ള സഹായത്തിന് അച്ഛനൊപ്പം ചേർന്നുനിൽക്കുകയെന്നതുമാത്രമായിരുന്നു.
എന്നാൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുന്പോൾ ദീലീപ് നിർവികാരനായിരുന്നു. കരയാൻപോലും കഴിയാത്തവനെപ്പോലെനിന്ന ആ മകന്റെ മുഖം മറ്റുള്ളവർക്കെല്ലാം മറക്കാത്ത ദു:ഖമായി മാറി.വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുറവിലങ്ങാട് താലൂക്കാശുപത്രിക്കും ആയുർവേദ ആശുപത്രിക്കും സമീപം അനധികൃതമായി നടത്തിയ പാറഖനനത്തിനിടയിൽ ദിലീപിന്റെ പിതാവും ബന്ധുവും അതിദാരുണമായി മരിച്ചത്.
മധ്യപ്രദേശ് ചിന്തുവാര ജില്ലയിലെ മോർഡഗോണ്ഗരി സ്വദേശികളാണ് ദീലിപും കുടുംബവും. ദീലീപ് പിതാവ് സെയ്ബുതാക്കറെ, ബന്ധു രമേശ് എന്നിവരടങ്ങുന്ന ഒൻപതംഗസംഘം കഴിഞ്ഞ നവംബർ 23നാണ് കേരളത്തിലെത്തിയത്. സംഘത്തിലെ നാലുപേർ കുറവിലങ്ങാട്ടും മറ്റുള്ളവർ മുവാറ്റുപുഴയിലും ജോലിയിലേർപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ വാടകയ്ക്കുള്ള താമസസ്ഥലത്തുനിന്നും ക്വാറിയിലെത്തിയ സംഘം ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം നടത്തിയ പണികൾക്കിടയിലാണ് അപകടമുണ്ടായത്.പാറയിൽ കുഴിയുണ്ടാക്കുന്നതിനിടയിൽ തലേദിവസം കുഴിയുണ്ടാക്കി രാസവസ്തുനിറച്ച് വിള്ളലുണ്ടാക്കിയ പാറപാളിയായി ഇവരുടെ ദേഹത്ത് പതിച്ചാണ് അപകടമുണ്ടായത്.