മൂവാറ്റുപുഴ: ശബ്ദമാനമായ ലോകത്ത് നിശബ്ദനായി ഗാന്ധി ജയന്തി ദിനത്തിൽ ബധിരനും മൂകനുമായ സെയ്ത് കുഞ്ഞ് ഇക്കുറിയും നഗര ശുചീകരണം നടത്തി. മൂവാറ്റുപുഴ കാവുങ്കര മീത്തിൽ കൊച്ചുമുഹമ്മദിന്റെ മകനായ സെയ്ത് കുഞ്ഞ് 20 വർഷമായി ഗാന്ധി ജയന്തി ദിനത്തിൽ വിവിധയിടങ്ങളിലായി ശുചീകരണം നടത്തി വരികയാണ്.
കാവുങ്കര റോട്ടറി റോഡിലായിരുന്നു ഇക്കുറി സെയ്ദ് കുഞ്ഞ് സുഹൃത്തുക്കളോടൊപ്പം ശുചീകരണ പ്രവർത്തനം നടത്തിയത്. സെൻട്രൽ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം.എം. മുഹമ്മദ്, യൂസഫ് അൻസാരി, ജലീൽ കോട്ടപ്പടി, പള്ളിപ്പാട്ട് ഷുക്കൂർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
ഫാക്ട് ജീവനക്കാരനായി ഏലൂരിൽ എത്തിയതോടെയാണ് ജീവകാരുണ്യ സാമൂഹിക പ്രവർത്തന രംഗത്ത് വേറിട്ട ശൈലിയിൽ സെയ്ത് കുഞ്ഞ് സജീവമായത്. ഫോർട്ട് കൊച്ചി, ആലുവ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി കെഎസ്ആർടിസി സ്റ്റാൻഡുകൾ, പൊതു ശൗച്യാലയങ്ങൾ എന്നിവ ഗാന്ധിജയന്തി ദിനങ്ങളിൽ സെയ്ത് കുഞ്ഞ് വൃത്തിയാക്കുക പതിവായിരുന്നു.
ബധിരയായ ഭാര്യ ആമിനയും എല്ലാ പ്രവൃത്തികളിലും സെയ്ത് കുഞ്ഞിനോടൊപ്പമുണ്ട്. ഗുജറാത്ത് ദുരന്തബാധിതരെ സഹായിക്കാൻ ബധിര സഹോദരനായ ജാഫറുമൊത്ത് ഷൂ പോളിഷ് ചെയ്ത് സെയ്ത് കുഞ്ഞ് ധനസമാഹരണം നടത്തി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു.