മൂവാറ്റുപുഴ: പരിസ്ഥിതി പ്രവർത്തനങ്ങൾക്കു മൂവാറ്റുപുഴ സ്വദേശി സെയ്തു കുഞ്ഞിന് വൈകല്യങ്ങൾ ഒരു തടസമേയല്ല. ജന്മനാ ബധിരനും മൂകനുമാണങ്കിലും അറുപതുകാരനായ കാവുംങ്കര മീത്തിൽ സെയ്തു കുഞ്ഞ് പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്.
പഠനകാലത്ത് ആരംഭിച്ചതാണ് ഇദേഹത്തിന്റെ പരിസ്ഥിതി സ്നേഹം. ഗാന്ധിജയന്തി ദിനത്തിലും, പരിസ്ഥിതി ദിനത്തിലും മാത്രമല്ല എപ്പോഴും ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാം നിരയിലുണ്ടാകും സെയ്തു കുഞ്ഞ്. രണ്ട് പതിറ്റാണ്ട് മുന്പ് സഹോദരനോടൊപ്പം കെഎസ്ആർടിസി ബസുകൾ ക്ലീൻ ചെയ്ത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയ നിരവധി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ മാർക്കറ്റ് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിച്ചു. തന്റെ അറുപതാം പിറന്നാൾ ദിനമായ കഴിഞ്ഞ ബുധനാഴ്ച മാർക്കറ്റ് ബസ് സ്റ്റാന്റും പരിസര പ്രദേശങ്ങളും ശുചീകരിച്ചതാണ് ഒടുവിലത്തെ പ്രവർത്തനം. പുല്ലം കാടും പറിച്ചുനീക്കി പരിസരമാകെ വൃത്തിയാക്കിയ സെയ്തു കുഞ്ഞ് നാട്ടുകാർക്കാകെ മാതൃകയായി. ആലുവ എഫ്എസിറ്റിയിലെ ജീവനക്കാരനായിരുന്ന സെയ്തു കുഞ്ഞ് അടുത്തിടെയാണ് വിരമിച്ചത്.