ബിക്കാനീർ: ഹിന്ദു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീറിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സെയ്ഫ് അലി എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാൻ പോയ സെയ്ഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയും, കാറിൽ വീട്ടിൽനിന്നു കുറച്ച് അകലെയുള്ള കർനി വ്യവസായ മേഖലയിലേക്കു കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.
സെയ്ഫിന്റെ രണ്ടു കാലുകളും തല്ലിയൊടിച്ചശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കൾ യുവാവിനെ സമീപത്തെ മലിന ജലാശയത്തിൽ ഉപേക്ഷിച്ചു. രാത്രിതന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചെന്ന് ബിക്കാനീർ പോലീസ് സൂപ്രണ്ടന്റ് പറഞ്ഞു.
യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ വ്യക്തമാകൂ. പ്രണയബന്ധത്തെ തുടർന്നാണു കൊലപാതകമെന്നു പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ ഏക മകനായിരുന്നു സെയ്ഫ്.