മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ ബോളിവുഡ് നടന് സെയ്ഫ് അലിഖാന് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. ഷൂട്ടിംഗ് സമയം സമീപത്തെ ആയുര്‍വേദ സ്ഥാപന ഉടമയുടെ വീട്ടില്‍നിന്നുള്ള പാട്ടിന്റെ ശബ്ദം മൂലം സ്പോട്ട് ഡബിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ കഴിയാതെ നായകനു മാറി നില്ക്കേണ്ടിവന്നു. ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് സ്കൂളിന് സമീപം രാജാകൃഷ്ണമേനോന്റെ ഷെഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണു മുടങ്ങിയത്. സെയ്ഫ് അലിഖാന് നാട്ടില്‍ എത്തുന്ന രംഗമാണ് ഇവിടെ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ ആയുര്‍വേദ സ്ഥാപനത്തിന്റെ ഉടമയായ വനിത തന്റെ സ്ഥാപനത്തില്‍ വരുന്നവര്‍ക്കു ഷൂട്ടിംഗ് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ വീടും സ്ഥാപനത്തിനോടു ചേര്‍ന്നാണ്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഇവര്‍ വീടിനകത്തുനിന്ന് ഉച്ചത്തില്‍ പാട്ടുവയ്ക്കുകയായിരുന്നു. പാട്ട് കത്തിക്കയറിയതോടെ ഷൂട്ടിംഗ്സംഘം പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി സ്ഥാപന ഉടമയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇതോടെ സാക്ഷാല്‍ സെയ്ഫ് അലിഖാന് തന്നെ നേരിട്ടുവന്നു. എന്നാല്‍ വാതില്‍ തുറക്കാന്‍പോലും വീട്ടമ്മ കൂട്ടാക്കിയില്ല. ഷൂട്ടിംഗ് നടത്താന്‍ സാധിക്കില്ലെന്നു മനസിലാക്കിയതോടെ തൊട്ടടുത്ത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. കൊച്ചിന് കോര്‍പറേഷന്റെയും റവന്യൂ അധികൃതരുടേയും അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് സംഘം എത്തിയത്.