കാഷ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് ഏവരും വായിച്ചും കേട്ടുമറിഞ്ഞത്. ലോക ശ്രദ്ധ നേടിയ ഈ ദുരന്തത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ഉൾപ്പടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രിയ രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാകുകയാണ് നടൻ പൃഥ്വിരാജ് നടത്തിയ പ്രതിഷേധം.
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ഒന്നും ചെയ്യാനാവാതെ അക്ഷോഭ്യനായി നിൽക്കുന്ന പൃഥ്വിരാജിനെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും നമ്മൾക്ക് കാണുവാൻ സാധിക്കുന്നത്. പലരും എന്നോട് പറഞ്ഞു രാജുവേട്ടാ, കാഷ്മീരിൽ നടന്ന സംഭവത്തെക്കുറിച്ച് എന്തെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണ്ടേ എന്ന്.
ഞാൻ എന്താണ് ഫേസ്ബുക്കിൽ പങ്കുവെയ്ക്കേണ്ടത്.? ആ എട്ടു വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത് തെറ്റ് ആണെന്നോ? അതോ ഇതെല്ലാം ന്യായികരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ഞാൻ പറയേണ്ടതാണോ? ആരെങ്കിലും പറഞ്ഞു മനസിലാക്കേണ്ട ഒന്നാണോ?.
എനിക്ക് പറയാൻ ഒന്നുമില്ല. ഒരു പെണ്‍കുട്ടിയുടെ അച്ഛൻ എന്ന നിലയിൽ, ഒരു ഭർത്താവ് എന്ന നിലയിൽ എനിക്ക് ആശങ്കകൾ ഉണ്ട്. അതിനെക്കാൾ എന്നെ വിഷമിപ്പിക്കുന്നത് ഇത്തരം സംഭവങ്ങൾ നമ്മൾക്ക് ശീലമായിപ്പോയല്ലോ എന്നോർത്താണ്. ശരിക്കും നാണിക്കുന്നു നമ്മളെയോർത്ത്. എന്നും പറഞ്ഞാണ് അദ്ദേഹം തന്റെയുള്ളിലെ പ്രതിഷേധാഗ്നി പ്രകടിപ്പിച്ചത്.