മുംബൈ: കവർച്ചാശ്രമത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആയിരം പേജുള്ള കുറ്റപത്രം ബാന്ദ്ര കോടതിയിലാണ് സമർപ്പിച്ചത്. പ്രതി ഷരീഫുൾ ഇസ്ലാമിനെതിരേ കണ്ടെത്തിയ നിരവധി തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും സെയ്ഫ് അലി ഖാന്റെ ശരീരത്തിൽനിന്നും പ്രതിയിൽനിന്നും കണ്ടെത്തിയ കത്തിയുടെ കഷണങ്ങൾ ഒരേ കത്തിയുടേതാണെന്ന ഫോറൻസിക് ലാബിന്റെ റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തിയ പ്രതിയുടെ ഇടതുകൈയുടെ വിരലടയാള റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.
ജനുവരി 16നാണ് സംഭവം നടന്നത്. ബാന്ദ്രയിലെ വസതിയിൽ മോഷണം നടത്താനെത്തിയ ഇസ്ലാമിനെ തടയുന്നതിനിടെ സെയ്ഫിനു കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. ബംഗ്ലാദേശുകാരനാണ് പ്രതി ഷരീഫുൾ ഇസ്ലാം.