മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വീടിനുള്ളിൽ കുത്തിപ്പരിക്കേൽപിച്ച പ്രതി കാണാമറയത്തു തുടരുന്നതിനിടെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്നു വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ഇയാളെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ ഇരുപതിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
പ്രതി ഒറ്റയ്ക്കല്ലെന്നും ഇയാളെ സഹായിക്കാൻ മറ്റാളുകൾ ഉണ്ടെന്നുമുള്ള നിഗമനത്തിലാണു പോലീസ്. വീട്ടിലെ ജീവനക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ് സെയ്ഫ് അലി ഖാന്റെയും ഭാര്യ കരീന കപുറിന്റെയും മൊഴിയുമെടുത്തു. അതിനിടെ പ്രതിയുടെ പുതിയ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്നു ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെയാണു സെയ്ഫ് അലി ഖാനു കുത്തേറ്റത്. കവർച്ചാശ്രമത്തിനിടെ മോഷ്ടാവാണു കുത്തിയതെന്നാണു നിഗമനം. ആറു കുത്തുകളേറ്റ നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തു കഴിഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് സെയ്ഫിനെ ഇന്നലെ മാറ്റിയിരുന്നു.