മണ്ണാർക്കാട്: വേനൽ ശക്തമായതിനെ തുടർന്നു സൈലന്റ് വാലിയിൽ വിനോദസഞ്ചാരത്തിനു എത്തുന്നവർക്ക് പ്രത്യേക ടൂറിസം പാക്കേജ്. നാല്പത് ഡിഗ്രി ചൂടിൽ ജില്ല ചുട്ടുപൊള്ളുന്പോൾ സൈലന്റ് വാലിയിൽ തണുത്ത കാലാസ്ഥയാണ്.മുൻകാലങ്ങളിൽ വേനൽ ശക്തമായാൽ സൈലന്റ് വാലി ദേശീയോദ്യാനം അടച്ചിടുകയായിരുന്നു പതിവ്.
എന്നാൽ ഇതിനു വിപരീതമായി അന്പതു വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നല്കിയാണ് ഇതിനു മാറ്റമുണ്ടാക്കുന്നത്. കടുത്ത വേനലിൽ കുളിർമതേടി സൈലന്റ് വാലിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷകരമായ അനുഭവം നല്കുകയാണ് വനംവകുപ്പും ദേശീയോദ്യാന അധികൃതരും.
പ്രളയത്തെ തുടർന്ന് സൈലന്റ് വാലിക്കുണ്ടായ നഷ്ടം നികത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശക്തമായ വേനലിലും സഞ്ചാരികളെ ഇവിടേയ്ക്ക് എത്തിക്കുന്നത്.ദിനംപ്രതി അഞ്ചുവാഹനങ്ങളിലായി അന്പതുപേർക്ക് സന്ദർശനാനുമതി നല്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാഹനം മുക്കാലിയിൽനിന്നും രാവിലെ എട്ടിന് സന്ദർശകരുമായി പുറപ്പെടും.
കാട്ടുതീ തടയുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് ജനുവരി മുതൽ ഏപ്രിൽ വരെ മുൻകാലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
സൈലന്റ് വാലി ദേശീയോദ്യാനത്തിനു പുറമെ ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രത്തിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.സൈലന്റ് വാലിക്കും പരിസരപ്രദേശങ്ങളിലെല്ലാം തന്നെ ശക്തമായ കാട്ടുതീയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. തീ അണച്ചുവെന്ന് വനംവകുപ്പ് പറയുന്പോഴും പലയിടത്തും കാട്ടുതീ പടർന്നു നാശനഷ്ടങ്ങളുണ്ടാകാറുണ്ട്.
ഈ സാഹചര്യത്തിലാണ് മുന്നൂറുപേർക്ക് പ്രവേശനമുണ്ടായിരുന്ന സൈലന്റ് വാലിയിൽ ഇക്കാലയളവിൽ അന്പതുപേർക്കു മാത്രമായി പ്രവേശനം ചുരുക്കിയത്.കൂടുതൽപേരെ കടത്തിവിട്ടാൽ കാട്ടുതീ സാധ്യത വർധിക്കുകയും സന്ദർശകരെ രക്ഷപ്പെടുത്താനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സന്ദർശകരുടെ എണ്ണം അന്പതാക്കി ചുരുക്കിയതെന്ന് അധികൃതർ പറഞ്ഞു.