കൊച്ചി: സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തിൽ സംശയമുണ്ടെന്ന് കുടുംബം. ബ്രിട്ടോ ഹൃദ് രോഗി അല്ലായിരുന്നുവെന്ന് സീന ഭാസ്കർ പറഞ്ഞു. മരണത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നെന്നും അവർ കൂട്ടിച്ചേർത്തു.
മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരങ്ങളും തെറ്റായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രായം 68 എന്നുമാണ് മെഡിക്കൽ സർട്ടിഫിക്കറ്റിലെ വിവരം.
ബ്രിട്ടോയ്ക്കൊപ്പം ഉണ്ടായിരുന്നവർ പല തരത്തിലാണ് മരണത്തെക്കുറിച്ച് വിശദീകരണം നൽകുന്നത്. ആർക്കും കൃത്യമായ ഒരു ചിത്രം നൽകാനാകുന്നില്ല. എന്താണ് ബ്രിട്ടോയ്ക്ക് സംഭവിച്ചതെന്ന് തനിക്ക് അറിയാൻ അവകാശമുണ്ടെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സീന പറഞ്ഞു. പാർട്ടിക്കാണ് മരണത്തെ കുറിച്ച് പറയാനാവുകയെന്നും സീന വ്യക്തമാക്കി.
ഡിസംബർ 31നായിരുന്നു ബ്രിട്ടോയുടെ വേർപാട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം.