കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് (64) ഇന്ന് യാത്രാമൊഴി. വസതിയിലെയും എറണാകുളം ടൗണ്‍ഹാളിലെയും പൊതുദർശനത്തിനുശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിനു കൈമാറും. രാവിലെ മൃതദേഹം പൊതുദർശനത്തിനുവച്ച വസതിയിലും പിന്നീട് എറണാകുളം ടൗണ്‍ഹാളിലുമായി ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപ്പള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം നേതാക്കളായ എം.വി. ജയരാജൻ, വൈക്കം വിശ്വൻ അടക്കമുള്ളവൻ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വസതിയിലെ പൊതുദർശനത്തിനുശേഷം പതിനൊന്നോടെയാണ് എറണാകുളം ടൗണ്‍ ഹാളിലേക്ക് മൃതദേഹം എത്തിച്ചത്.
വിദ്യാർഥികളടക്കം നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനായി ഇവിടെയും എത്തിയിരുന്നു.മരണശേഷം തന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാൻ നൽകണമെന്ന സൈമണ്‍ ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണു മൃതദേഹം മെഡിക്കൽ കോളജിനു കൈമാറുന്നത്. ഭാര്യ സീനയോട് അദ്ദേഹം ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. മൃതദേഹത്തിൽ ആരും റീത്ത് സമർപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു.
ഹൃദയാഘാതത്തെത്തുടർന്നു തിങ്കളാഴച വൈകുന്നേരം ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്രിട്ടോയുടെ അന്ത്യം. ഇന്നലെ രാത്രിയോടെ നിരവധി വാഹനങ്ങളുടെ അകന്പടിയോടെയാണ് തൃശൂരിൽനിന്നു മൃതദേഹം കൊച്ചി വടുതലയിലെ വസതിയിലെത്തിച്ചത്. സിപിഎം നേതാക്കളും ബന്ധുക്കളും അടക്കം നിരവധിപേർ മൃതദേഹത്തെ അനുഗമിച്ചു.
അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ വസതിയിൽ എത്തിയിരുന്നു. കാന്പസ് അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ സൈമണ്‍ ബ്രിട്ടോ മൂന്നര പതിറ്റാണ്ടായി വീൽചെയറിലാണു കഴിഞ്ഞുവന്നിരുന്നത്. യാത്രാവിവരണ ഗ്രന്ഥം എഴുതിത്തീർക്കാൻ തൃശൂരിലെത്തി പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ താമസിച്ചുവരവേയാണ് ഹൃദയാഘാതം സംഭവിച്ചത്.