
കൊല്ലം : സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കശുവണ്ടി ഫാക്ടറി ഉടമ തൂങ്ങിമരിച്ച സംഭവത്തിൽ കണ്ണനല്ലൂർ പോലീസ് അന്വേഷണം തുടങ്ങി. കുണ്ടറ നല്ലില ബഥേൽ പള്ളിമുക്കിന് സമീപം ചരുവിള പുത്തൻവീട്ടിൽ സൈമണാണ് മരിച്ചത്. പ്രവർത്തനം നിലച്ച കശുവണ്ടി ഫാക്ടറിയിലെ ഷെഡിനുള്ളിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്.
നാലുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം. കടബാധ്യതയെതുടർന്ന് കശുവണ്ടി ഫാക്ടറി അടച്ചിടുകയായിരുന്നു. ബാങ്ക് ലോൺ അടച്ചുതീർക്കാത്തതിനാൽ ജപ്തി നോട്ടീസ് നൽകിയിരുന്നു.
തിരിച്ചടവിന് സാവകാശം നൽകണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. സ്വന്തം വസ്ത്തുക്കൾക്കൊപ്പം ബന്ധുക്കളുടെ പ്രമാണവും ബാങ്കിൽ ഈടുനൽകിയിരുന്നതായും പറയപ്പെടുന്നു. സൈമണും പിതാവും കൂടിയാണ് നല്ലിലയിൽ ഫാക്ടറി നടത്തിവന്നിരുന്നത്.