ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍നിന്ന് തന്റെ അച്ഛനെ ഒഴിവാക്കിയതില്‍ രോഷം പ്രകടിപ്പിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്. ട്വിറ്ററിലൂടെയാണ് സൈന പ്രതിഷേധം രേഖപ്പെടുത്തിയത്.
സ്വന്തം ചെലവില്‍ തങ്ങളുടെ അടുത്ത ബന്ധുക്കളെ ഗെയിംസ് വില്ലേജിലേക്കുകൊണ്ടുപോകാൻ സൈനയ്ക്കും സിന്ധുവിനും കേന്ദ്ര കായിക മന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഗെയിംസ് വില്ലേജിലെത്തിയതിനു ശേഷമാണ് അച്ഛൻ ഹര്‍വീർ സിംഗിന്റെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് അറിഞ്ഞതെന്ന് സൈന തന്റെ ട്വീറ്റിൽ വ്യക്തമാക്കി. സ്വന്തമായി പണം മുടക്കിയാണ് അച്ഛനെ ഒപ്പംകൊണ്ടുവന്നതെന്നും ഓഫീഷ്യൽ പട്ടികയിൽനിന്ന് എന്തുകൊണ്ട് നീക്കിയെന്നും സൈന ട്വീറ്റ് ചെയ്തു.
ഇപ്പോഴത്തെ അവസ്ഥയില്‍ പിതാവിന് തന്റെ മത്സരം കാണുന്നതിനോ ഒപ്പം താമസിക്കുന്നതിനോ കഴിയില്ലെന്ന് സൈന വ്യക്തമാക്കുന്നു. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് അച്ഛന്റെ സാമീപ്യം ആവശ്യമാണെന്നും സൈന ട്വിറ്ററിൽ പറഞ്ഞു. മറ്റൊരു ബാഡ്മിന്റൺ താരം പി. വി. സിന്ധുവിന്റെ അമ്മ വിജയ പുസർല ഉൾപ്പെടെ 15 താരങ്ങളുടെ ഉറ്റവർക്ക് കേന്ദ്രകായിക മന്ത്രാലയം ഗോൾഡ് കോസ്റ്റിലേക്ക് യാത്രാനുമതി നല്‍കിയിരുന്നു.