ന്യൂഡൽഹി: വിവിധ മേഖലകളിൽ പ്രശസ്തരായവരെ രാഷ്ട്രീയത്തിലറക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പണ്ടുമുതലേയുള്ള പ്രവണതയാണ്. പൊതുവേ സിനിമാക്കാരായിരുന്നു രാഷ്ട്രീയത്തിൽ പരീക്ഷണം നടത്തിരുന്നതെങ്കിൽ അടുത്തകാലത്തായ് കായികതാരങ്ങളും രാഷ്ട്രീയ ഗോദയിൽ ഒരു കൈനോക്കാനായി എത്തിത്തുടങ്ങി.
ക്രിക്കറ്റ് താരം മുഹമ്മദ് അസുറുദീനും കീർത്തി ആസാദുമൊക്കെ പണ്ടേ രാഷ്ട്രീയത്തിലറങ്ങിയവരാണെങ്കിലും കായികതാരങ്ങളുടെ രാഷ്ട്രീയ പ്രവേശം ഒരു ട്രെൻഡായി മാറുകയാണിപ്പോൾ. ബാഡ്മിന്റണ് താരം സൈന നെഹ്വാളാണ് ഏറ്റവും ഒടുവിൽ രാഷ്ട്രീയത്തിൽ എത്തിയ കായികതാരം.
ബിജെപിയിൽ ചേർന്ന സൈന സജീവരാഷ്ട്രീയത്തിൽ ഇടപെടുമെന്നാണ് സൂചനകൾ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരകയായി എത്തിക്കൊണ്ടായിരിക്കും സൈനയുടെ രാഷ്ട്രീയ തുടക്കം.
ബിജെപിയാണ് കായിക താരങ്ങളെ രാഷ്ട്രീയത്തിലിറക്കുന്നതിൽ ഏറെ ശ്രദ്ധ കൊടുക്കുന്നത്. വിവിധ രംഗങ്ങളിൽ പ്രശസ്തരായവരെ പാർട്ടിയിലേയ്ക്ക് ആകർഷിക്കാനും അവരെ മുൻ നിറുത്തി പാർട്ടിയുടെ ഇമേജ് കൂട്ടാനുമാണ് ബിജെപിയുടെ ശ്രമം.
പൗരത്വ നിയമഭേദഗതി നിയമത്തിനെതിരേ ബോളിവുഡ് താരങ്ങളിൽ വലിയൊരു പങ്കും അണിനിരന്നത് പാർട്ടിക്ക് വലിയ ക്ഷീണമായി. ഇതിനെ മറികടക്കാൻ വിവിധ മേഖലകളിലെ പ്രത്യേകിച്ച് കായിക രംഗത്തു നിന്നു കൂടുതൽ പേരെ ബിജെപിയിലേയ്ക്ക് അടുപ്പിക്കാൻ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും പ്രമുഖനായ ഗുസ്തി താരം യോഗേശ്വർ ദത്താണ് ബിജെപിയിൽ ചേരുന്ന മറ്റൊരു പ്രമുഖൻ. വരുന്ന ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പിൽ ദത്ത് മൽസരിക്കുമെന്നും അറിയുന്നു. മറ്റൊരു ഗുസ്തി താരമായ ബബിത ഇതിനകം പാർട്ടിയിൽ ചേർന്നു കഴിഞ്ഞു.
ബബിതയും ബിജെപിയുടെ ഹരിയാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നു. മുൻ ഹോക്കി ക്യാപ്ടൻ സന്ദീപ് സിംഗ് ആണ് ഹരിയാന രാഷ്ട്രീത്തിലെ മറ്റൊരു ബിജെപി മുഖം. സന്ദീപും വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറെടുക്കുകയാണ്.
കേന്ദ്രമന്ത്രിസഭയിലുമുണ്ട് കായികരംഗത്തെ മറ്റൊരു പ്രതിഭ. ഷൂട്ടിംഗ് താരം രാജ്യവർധൻ റാത്തോഡ് ആണ് വാർത്താവിതരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി. റാത്തോഡിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ വിജയമാണ് കൂടുതൽ കായികയാരങ്ങളെ ഈ മേഖലയിലേയ്ക്ക് കൊണ്ടുവരാൻ പാർട്ടിയെ ചിന്തിപ്പിച്ചതും.