കോപ്പൻഹേഗൻ: ഡെന്മാർക്ക് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിനു തോൽവി. ലോക ഒന്നാം നന്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് ശക്തമായ പോരാട്ടത്തിനൊടുവിലാണ് സൈന തോൽവി സമ്മതിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 21-13ന് രണ്ടാം ഗെയിം സൈന സ്വന്തമാക്കിയിരുന്നു.
സ്കോർ: 13-21, 21-13, 6-21.
ഓസ്ട്രേലിയ ഓപ്പണ്‍ കിരീടം നേടിയശേഷം ഇതാദ്യമായാണ് സൈന ഒരു സൂപ്പർ സീരീസ് ഫൈനലിൽ കളിച്ചത്. രണ്ടു വർഷത്തിനുള്ളിലെ ആദ്യ ഫൈനലായിരുന്നു സൈനയ്ക്കിത്. തോൽവിയോടെ കരിയറിൽ 5-13ന്റെ വിജയ മാർജിൻ തായ്പേയ് താരം സൈനയ്ക്കെതിരേ സ്വന്തമാക്കി. 2013ലാണ് സൈന അവസാനമായി തായ് സു യിങിനെ കീഴടക്കിയത്.