ബംഗളൂരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഉജ്വലപ്രകടനത്തിനു ശേഷം ദുബായ് വേള്‍ഡ് സീരീസിലേക്ക് നോട്ടമിടുന്ന സൈന നെഹ്വാള് വീണ്ടും തന്റെ പഴയ പരിശീലനക്കളരിയിൽ. മുന്‍ പരിശീലകന് പുല്ലേല ഗോപിചന്ദിന്റെ പരിശീലന മികവ് വീണ്ടും പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സൈന. നാളെമുതല്‍ ഗോപിചന്ദിനു കീഴില്‍ പരിശീലനം ആരംഭിക്കുമെന്ന് സൈന വ്യക്തമാക്കി.
ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സൈന അടുത്തിടെ അവസാനിച്ച ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കലമാണ് നേടിയത്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളിനേടിയ പി.വി.സിന്ധുവായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയത്. നിലവില്‍ ഗോപിചന്ദിന്റെ ശിഷ്യകൂടിയാണ് സിന്ധു. വെള്ളിനേട്ടത്തില്‍ സിന്ധുവിനെയും ഗോപിചന്ദിനെയും അഭിനന്ദിച്ച് സൈന മാധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സൈന ഗോപിചന്ദിന്റെ കളരിയിലേക്കു തിരിച്ചെത്തുന്നത്.തിരിച്ചുവരവിന് ഭൂതകാലം പ്രതിബന്ധമാകില്ലെന്ന് സൈന ഉറപ്പു നല്കി. മടങ്ങിയെത്തുന്ന കാര്യം സംസാരിക്കുന്നതിനിടെ പഴയതൊന്നും വിഷയമായില്ല. ഇനി പരിശീലനം മാത്രമാണ് മുന്നിലുള്ളത്. ലക്ഷ്യം ദുബായ് സൂപ്പര്‍ സീരീസ് ഫൈനലും -സൈന പറഞ്ഞു.
ഗോപിചന്ദുമായി പിരിഞ്ഞ ശേഷം 2014ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പിൽ സൈന പരാജയം രുചിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ ഹൈദരാബാദില്‍ സൈന പരിശീലനം ആരംഭിച്ചെങ്കിലും കാലിന്റെ വേദന തടസമായി. നാളെമുതല്‍ പൂര്‍ണതോതില്‍ പരിശീലനം ആരംഭിക്കുമെന്ന് താരം അറിയിച്ചു.
മൂന്നു വര്‍ഷം പരിശീലിപ്പിച്ച പ്രകാശ് പദുക്കോണ്‍ അക്കാഡമിയിലെ വിമല്‍ കുമാറും തനിക്ക് വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്ന് സൈന പറഞ്ഞു. 2014 ലോകചാമ്പ്യന്‍ഷിപ്പിനു ശേഷമാണ് സൈന അക്കാഡമിയിലെത്തിയത്. വിമലിന്റെ പരിശീലനത്തിലായിരിക്കുമ്പോള് 2015 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി സ്വന്തമാക്കിയ സൈന അതേവര്‍ഷം ലോക ഒന്നാം നമ്പര്‍ താരവുമായി.