ഹൈദരാബാദ്: ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ സൂപ്പർ താരങ്ങളായ സൈന നെഹ്വാളിനും പി.വി. സിന്ധുവിനും രണ്ട് കേന്ദ്രങ്ങളിലായി പരിശീലനം നല്കി ദേശീയ ടീം പരിശീലകൻ പുല്ലേല ഗോപിചന്ദ്. ഒരേ സ്ഥലത്ത് പരിശീലനം നടത്താൻ ഇരുവരും വൈമുഖ്യം കാണിച്ചതാണ് രണ്ട് താരങ്ങൾക്കും രണ്ട് സ്ഥലങ്ങളിലായി ക്രമീകരിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
കോമണ്‍വെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടിയതിനുശേഷമാണ് ഈ ക്രമീകരണം ഉണ്ടായത്. ഇന്ത്യൻ കോച്ചിംഗ് സംഘത്തിന്റെയും താരങ്ങളുടെയും തീരുമാനപ്രകാരമാണ് പുതിയ ക്രമീകരണം നടത്തിയതെന്നാണ് ഗോപിചന്ദിന്റെ വിശദ്ധീകരണം.
കഴിഞ്ഞ സെപ്റ്റംബറിലാണ് സൈന ഗോപീചന്ദ് അക്കാദമിയിലേക്ക് തിരിച്ചെത്തിയത്. സിന്ധുവിനു കൂടുതൽ ശ്രദ്ധ ലഭിക്കുന്നെന്ന കാരണത്താൽ സൈന ഗോപിചന്ദിന്റെ ശിക്ഷണത്തിൽനിന്ന് 2014 സെപ്റ്റംബറിൽ മാറിയിരുന്നു. തുടർന്ന് ബംഗളൂരുവിൽ വിമൽ കുമാറിന്റെ കീഴിലായിരുന്നു സൈനയുടെ പരിശീലനം.