ബെർമിംഗ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ഓപ്പണിൽ നിന്ന് ഇന്ത്യയുടെ സൈന നെഹ്വാളും പുറത്ത്. ക്വാർട്ടർ ഫൈനലിൽ കൊറിയൻ താരവും മൂന്നാം സീഡുമായ സംഗ് ജി ഹ്യൂനിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് (20-22, 20-22) കീഴടങ്ങി. മത്സരത്തിൽ സൈന കൊറിയൻ താരത്തിനെതിരെ മികച്ച ഫോമിലാണ് തുടങ്ങിയത്. ആദ്യ ഗെയിമിന്റെ ഒരുഘട്ടത്തിൽ 11-7 എന്ന സ്കോറിന് സൈന മുന്നിൽ എത്തിയെങ്കിലും കൊറിയൻ ശക്തമായി തിരിച്ചടിച്ചതോടെ പിന്നിലായി. രണ്ടാം ഗെയിമിലും പകുതിയോടെ സൈന മത്സരം കൈവിട്ടതോടെ തോൽവി നേരിട്ടു.
നേരത്തെ, മറ്റൊരു ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും തോറ്റു പുറത്തായിരുന്നു. ക്വാർട്ടറിൽ ലോക ഒന്നാം നന്പർ തായ് സു യിംഗിനോട് 21-14, 21-10 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്.