പാരീസ്: ഇന്ത്യയുടെ സൈന നെഹ്വാൾ, പി.വി.സിന്ധു, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയി, സായ്.ബി.പ്രണീത് എന്നിവർ ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റൺ സിംഗിൾസിന്റെ രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, പി. കശ്യപ് ആദ്യറൗണ്ടിൽ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
ഡെൻമാർക്കിന്റെ ലൈൻ ജീസ്ഫെൽഡ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് സൈന പരാജയപ്പെടുത്തി. സ്കോർ: 21-14, 11-21, 21-10. അഞ്ചാം സീഡ് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് രണ്ടാം റൗണ്ടിൽ സൈനയുടെ എതിരാളി. സ്പെയിനിന്റെ ബീറ്റ്റിസ് കോറാലെസിനെ നേരിട്ടുള്ള ഗെയിമുകൾക്ക്(21-19, 21-18) തോൽപിച്ചാണ് സിന്ധു മുന്നേറിയത്.
പുരുഷ സിംഗിൾസിൽ ദക്ഷിണ കൊറിയയുടെ ലീ ഹ്യൂണിനെ തോൽപിച്ചാണ് പ്രണോയി മുന്നേറിയത്. സ്കോർ: 21-15, 21-17. തായ്ലൻഡിന്റെ ഖോസിറ്റ് ഫെറ്റ്പ്രദാബിനെ 21-13, 21-23, 21-19 സ്കോറിന് കീഴ്പ്പെടുത്തിയാണ് സായ് രണ്ടാം റൗണ്ടിൽ എത്തിയത്. ജർമനിയുടെ ഫാബിയൻ റോത്ത് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ശ്രീകാന്തും അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം, പി. കശ്യപ് ഇന്തോനേഷ്യയുടെ അന്തോണി സിനിസുഖ ഗിന്റ്റിംഗിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 23-21, 18-21, 17-21.
വനിതാവിഭാഗം ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും അടുത്ത റൗണ്ടിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിന്റെ ജെന്നി മൂർ-വിക്ടോറിയ വില്യംസ് സഖ്യത്തെയാണ് തോൽപ്പിച്ചത്. സ്കോർ: 21-12, 21-12. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ തോൽവി അറിഞ്ഞു. മനു അട്രി-ബി.സുമീത് റെഡ്ഡി കൂട്ടുക്കെട്ട് റഷ്യൻ സഖ്യത്തോട് തോറ്റ് പുറത്തായി. സ്കോർ: 11-21, 13-21.