ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാൾ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്നു. രണ്ടാം സീഡ് ദക്ഷിണ കൊറിയയുടെ സംഗ് ജി ഹ്യുയിനെ പരാജയപ്പെടുത്തിയാണ് സൈന കരുത്ത് കാട്ടിയത്. നേരിട്ടുള്ള ഗെയ്മുകൾക്ക് അനായാസമായിരുന്നു സൈനയുടെ വിജയം. സംഗിനെ 47 മിനിറ്റുകൾക്കുള്ളിൽ സൈന വീഴ്ത്തി. സ്കോർ: 21-19, 21-15.
സംഗിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ ഗെയ്മിന്റെ തുടക്കത്തിൽ 7-2 ന്റെ ലീഡ് സംഗ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 13-17 എന്ന നിലയിലായിരുന്നു. എന്നാൽ പതുക്കെ ടോപ്പ് ഗിയറിലേക്ക് സൈന മാറി. പിന്നിൽനിന്ന് തിരിച്ചടിച്ച് കയറിയ സൈന 21-19 ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയ്മിലും പിന്നിൽനിന്നാണ് സൈന പൊരുതിക്കയറിയത്. 4-8 ന് പിന്നിലായിരുന്ന സൈനയുടെ സ്കോർ 7-11 എന്ന നിലയിലുമെത്തി. എന്നാൽ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തിയ സൈന എതിരാളിക്ക് പിന്നീട് നാലു പോയിന്റുകൾ മാത്രമാണ് അനുവദിച്ചത്. മത്സരം അവസാനിക്കുമ്പോൾ 21-15 ന് സൈന വിജയിയായി.