കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ കൂട്ടുപ്രതി സേലത്ത് പിടിയില്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ സമദിന്റെ സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനാണ് പിടിയിലായത്.
ഇയാളെ വൈകുന്നേരത്തോടെ കസബാ പോലീസ് കോഴിക്കോട്ട് എത്തിക്കും. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.വെള്ളിപറമ്പ് വടക്കേ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്.
കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്റെ ഡ്രൈവറാണ് സുലൈമാന്‍.
ഇയാള്‍ ലോറി ഡ്രൈവറാണ്.ഗൂഡല്ലൂരില്‍ നിന്ന് ഇയാള്‍ കോയമ്പത്തുരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ സേലത്തുണ്ടെന്ന് സൂചന ലഭിച്ചത്.
നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഗൂഡല്ലൂരില്‍ നിന്ന് പാസ്റ്ററെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിയാണ്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം.
സംഭവത്തിനുശേഷം മദ്യപിച്ചപ്പോള്‍ സുഹൃത്തുക്കളോടു പണം തട്ടിയെടുത്ത വിവരം ഇയാള്‍ പറഞ്ഞിരുന്നതായും ആ സംഘം സുലൈമാനെ മര്‍ദിച്ച് പണവും ആഭരണങ്ങളും കവര്‍ന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
നാടുകണി ചുരത്തില്‍ ഒരു മൃതദേഹം കണ്ടതായി പ്രാദേശിക ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് സുലൈമാന്‍ മുങ്ങിയത്.ഈ മാസം ഏഴിന് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുനിന്നാണ് സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്.
വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനാണ് സൈനബയെ കൊലചെയ്തതെന്നാണ് സമദ് പോലീസിനു മൊഴി നല്‍കിയത്. നവംബര്‍ ആറിന് തിരൂരിലെ ലോഡ്ജിലേക്ക് സുലൈമാനെ വിളിച്ചുവരുത്തിയാണ് ഗൂഡാലോചന നടന്നത്.
സമദിന്റെ സുഹൃത്തിന്റെ കാര്‍ വാടകയ്ക്ക് എടുത്താണ് കോഴിക്കോട്ട് എത്തി സൈനബയെ കയറ്റിക്കൊണ്ടുപോയത്. കാറില്‍ കയറുന്ന സമയത്ത് സൈനബ 15 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ബാഗില്‍ മൂന്നു ലക്ഷം രൂപയുമുണ്ടായിരുന്നു.
അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച് സൈനബ ധരിച്ച ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമദ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിനുശേഷം സംഘം സുലൈമാന്റെ ഗൂഡല്ലൂരിലെ വീട്ടിലെത്തിയാണ് രക്തംകഴുകി വൃത്തിയാക്കിയത്. പുതിയ വസ്ത്രം വാങ്ങി ധരിക്കുകയും ചെയ്തു.
പണം വീതംവച്ചെടുത്തു. ആഭരണം സമദ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് സുലൈമാനും കൂട്ടാളികളും വന്നു ആഭരണങ്ങള്‍ കൈക്കലാക്കിയതായി സമദ് മൊഴി നല്‍കിയിട്ടുണ്ട്.