കോഴിക്കോട്: കോഴിക്കോട്ടെ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
പ്രധാന പ്രതി താനൂര്‍ കുന്നുംപുറം പള്ളിവീട് സമദ്, കൂട്ടുപ്രതി ഗൂഡല്ലൂര്‍ എല്ലുമല സ്വദേശി സുലെമാന് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച സൂചന പ്രകാരം കഴിഞ്ഞ ദിവസം രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണാഭരണവുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന പ്രാഥമിക സൂചനയെത്തുടര്‍ന്ന് ഇവരെ പോലീസ് വിട്ടയച്ചു.
ഇതിനിടെ പോലീസ് കസ്റ്റഡിയിലുള്ള സമദിനെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. സുലൈമാനും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇയാളെയും വരും ദിവസം കോടതിയില്‍ ഹാജരാക്കും.
വെള്ളിപറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബ (57)യാണ് ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്.കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു സൈനബയെ സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മുക്കത്തിനടുത്തുവച്ച് സൈനബയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം നാടുകാണി ചുരത്തില്‍ തള്ളി.
സൈനബയുടെ ആഭരണങ്ങള്‍ ഗൂഡല്ലൂരിലെ ഒരു സംഘം തട്ടിയെടുത്തതായി സമദും സുലൈമാനും മൊഴി നല്‍കിയിരുന്നു.15 പവനോളം ആഭരണങ്ങള്‍ സൈനബയുടെ ദേഹത്തുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
എന്നാല്‍ രണ്ടു പ്രതികളും ഒരേകാര്യം തന്നെ പറയുന്നതിനാല്‍ സ്വര്‍ണം ആരു തട്ടിയെടുത്തു എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. സ്വര്‍ണാഭരണം തട്ടിയെടുത്തവരെ കൂടി പിടികൂടിയാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് പോലീസിന് കടക്കാന്‍ കഴിയൂ.
സ്വന്തം ലേഖകന്‍