അനിതയിൽ തുടക്കം
ദക്ഷിണ കർണാടകത്തിൽനിന്നു വിവാഹിതരല്ലാത്ത യുവതികളെ കാണാതാവുന്നത് അത്ര അസാധാരണ സംഭവം ഒന്നും അല്ലായിരുന്നു. എന്നാൽ, ഉന്നത സമുദായത്തിൽപ്പെട്ട ഒരു യുവതിയെ കാണാതായതോടെയാണ് കാര്യമായ അന്വേഷണം തുടങ്ങുന്നത്.
ആ ഇരയെ വിലയിരുത്തുന്നതിൽ മോഹനനു പറ്റിയ പിഴവാണ് അയാളെ കുടുക്കിയതെന്നു പറയാം. സാധാരണ കാര്യമായി ആരും ചോദിക്കാനും പറയാനും വരില്ലെന്ന് ഉറപ്പുള്ള ഇരകളെയായിരുന്നു അയാൾ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, അനിതയുടെ കാര്യത്തിൽ അയാൾക്കു പിഴച്ചു.
2009 ജൂൺ 16ന് കാണാതായ അനിത ഉന്നത സമുദായത്തിലെ ആളായിരുന്നു. യുവതിയെ കാണാതായ സംഭവം അറിഞ്ഞതോടെ സമുദായം ഇളകി.
അവർ പോലീസ് സ്റ്റേഷൻ വളഞ്ഞു . മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടിയെന്നും യുവതിയെ പോലീസ് കണ്ടെത്തിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ അടക്കം കത്തിക്കുമെന്നും അവർ ഭീഷണി മുഴക്കി. സംഭവം സാമുദായിക പ്രശ്നമായി വളർന്നതോടെ പോലീസ് ഊർജിതമായി രംഗത്തിറങ്ങി.
ഫോൺ വിളികൾ
അനിതയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പോലീസ് ഇഴ കീറി പരിശോധിച്ചു. അനിതയുടെ കോൾ ഹിസ്റ്ററി പരിശോധിക്കുന്നതിനിടെയിൽ ഒരു കാര്യം കണ്ടെത്തി. സ്ഥിരമായി ഒരു നന്പറിൽനിന്ന് അർധരാത്രിയിൽ അനിതയുടെ ഫോണിലേക്കു കോളുകൾ വരുന്നതു കണ്ടെത്തി. വളരയേറെ സമയം ഈ കോളുകൾ നീണ്ടിരുന്നു.
ആ ഫോൺ നന്പരിന്റെ വിശദാംശം പോലീസ് എടുത്തു. മടിക്കരയിലുള്ള കാവേരി എന്ന സ്ത്രീയുടെ പേരിലായിരുന്നു ഈ ഫോൺ കണക്ഷൻ. തുടർന്ന് കാവേരി എന്ന സ്ത്രീയെ അന്വേഷിച്ചു പോലീസ് മടിക്കേരിയിലെത്തി.അവിടെയെത്തിയപ്പോൾ അന്വേഷണ സംഘത്തിന് അതു മറ്റൊരു ഞെട്ടലായി. കാരണം കാവേരിയെ കാണാതായിട്ടു മാസങ്ങളായി.ഇതു സംബന്ധിച്ചു സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിയുമുണ്ട്.
കാവേരിയിലേക്ക്
ഇതോടെ കാവേരിയുടെ ഫോണിലെ കോൾ ഹിസ്റ്ററി പോലീസ് പരിശോധിക്കാൻ തുടങ്ങി. അനിതയുടെ കോൾ ലിസ്റ്റിൽ കണ്ടതുപോലെ കാവേരിയുടെ ഫോണിലേക്കും അർധരാത്രിയിൽ ഒരു നന്പറിൽനിന്നു സ്ഥിരമായി ഫോൺ വരാറുണ്ടെന്നു പോലീസ് കണ്ടെത്തി.
മണിക്കൂറുകളോളം ഈ സംഭാഷണവും നീണ്ടു നിന്നിരുന്നതായും വ്യക്തമായി. വിളിച്ചിരുന്ന ഈ നന്പരിന്റെ വിവരങ്ങൾ എടുത്തപ്പോൾ ഇതു പുഷ്പ വാസുഗോഡ് എന്ന സ്ത്രീയുടെ പേരിലുള്ളതാണെന്നു വ്യക്തമായി.
ഇതോടെ പോലീസ് പുഷ്പയെ തേടിയിറങ്ങി. എന്നാൽ, അവരെ അന്വേഷിച്ചു നാട്ടിൽ ചെന്നപ്പോൾ അവർ ഒരു വർഷം മുന്പ് കാണാതായ ആളാണ് എന്നതായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും മറുപടി.
ഹൊറർ ത്രില്ലർ പോലെ
സംഭവം പോലീസിനു വിചിത്രമായി തോന്നി. ഹൊറർ ത്രില്ലർ സിനിമയിലെപ്പോലെയുള്ള എന്തോ ഒന്ന് ഇതിലെവിടെയോ ഒളിച്ചിരിക്കുന്നതായി അന്വേഷകർക്കു തോന്നിത്തുടങ്ങി. അല്പംകൂടി ഗൗരവത്തോടെ ഈ കേസിനെ കൈകാര്യം ചെയ്യാൻ അവർ തീരുമാനിച്ചു.
അതോടെ പുഷ്പയുടെ ഫോൺ നന്പർ കണ്ടെത്തി അതിന്റെ വിശദാംശങ്ങൾ എടുത്തു. ഉദ്യോഗസ്ഥരെ അന്പരപ്പിച്ച് അതിലും സമാനസംഭവം. ഒരു നന്പരിൽനിന്ന് അസാധാരണമായ രീതിയിൽ രാത്രി കോളുകൾ. ആ നന്പരിന്റെ ഉടമയെ തിരഞ്ഞപ്പോൾ ഒരു വിനീത.
വിനീതയെ കണ്ടെത്താൻ തീരുമാനിച്ചു. എന്നാൽ, അവരും കാണാതായ പട്ടികയിൽ ഉള്ളതാണെന്നു പോലീസ് തിരിച്ചറിഞ്ഞു. വിനീത ഉപയോഗിച്ചിരുന്ന ഫോൺ നന്പരിന്റെ ലിസ്റ്റ് എടുത്തപ്പോൾ മറ്റൊരു നന്പർ കിട്ടി… അവരെയും കാണിനില്ല…
ഒന്നും രണ്ടുമല്ല ഒരു ചെയിൻ പോലെ 19 സ്ത്രീകളുടെ ഫോൺ നന്പരാണ് ഇങ്ങനെ പോലീസ് കണ്ടെത്തിയത്. എന്നാൽ, പത്തൊന്പതു പേരെയും കാണാതായിരുന്നു. കുറ്റാന്വേഷകരുടെ തലപുകച്ച കേസ് ആയി അനിതയുടെ തിരോധാനം വളരുകയായിരുന്നു.
അതോടൊപ്പം രാജ്യത്തെ ഞെട്ടിച്ച ഒരു കൊടും സീരിയൽ കില്ലറെക്കുറിച്ചു പുറംലോകം അറിയുന്നതിനും ആ അന്വേഷണം വഴിവച്ചു.
(തുടരും)
തയാറാക്കിയത്: റെനീഷ് മാത്യു