കാസർഗോഡ് സ്വദേശിനിയായിരുന്നു മോഹനന്റെ അവസാനത്തെ ഇര. കാസർഗോട്ടെ ആശുപത്രി ജീവനക്കാരിയായിരുന്ന മുള്ളേരിയ കുണ്ടാർ സ്വദേശിനിയായ 25 വയസുള്ള പുഷ്പാവതി. പുഷ്പാവതിയെ പരിചയപ്പെട്ട മോഹൻ കുമാർ മൂന്നുതവണ ഇവരുടെ വീട്ടിൽ ചെല്ലുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.
ഇതോടെ മോഹൻകുമാറിനെ അവർ അതിയായി വിശ്വസിച്ചു. അവൾ തന്റെ വരുതിയിലായിക്കഴിഞ്ഞു എന്നു മനസിലാക്കിയ മോഹൻ അവരെ തന്റെ ഇംഗിതത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു.
2009 ജൂലൈ എട്ടിനു സുള്ള്യയിലെ ക്ഷേത്രത്തിൽ പോവുകയാണെന്നു പറഞ്ഞു പുഷ്പാവതി വീട്ടിൽനിന്നിറങ്ങി. താൻ വലിയൊരു ദുരന്തത്തിലേക്കാണ് ചുവടുവയ്ക്കുന്നതെന്ന് അവൾ നിനച്ചതേയില്ല. മോഹൻ കുമാറിനൊപ്പമുള്ള ജീവിതമായിരുന്നു അവളുടെ മനസുനിറയെ. എന്നാൽ, വീട്ടിൽനിന്നിറങ്ങിയ പുഷ്പാവതി പിന്നെ തിരിച്ചെത്തിയില്ല.
ഇതോടെ വീട്ടുകാർ കടുത്ത ആശങ്കയിലായി. മോഹൻ കുമാറിനൊപ്പം അവൾ പോയതാണോയെന്ന സംശയം വീട്ടുകാർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അവളെ കാണാതായതോടെ വീട്ടുകാർ മോഹനന്റേതായി തന്നിരുന്ന ഫോൺ നന്പരിൽ വിളിച്ചു. മോഹൻ ഫോണെടുത്തു. തങ്ങൾ വിവാഹിതരായെന്നും ഏതാനും ദിവസങ്ങൾക്കകം തിരികെ എത്തുമെന്നുമായിരുന്നു മറുപടി.
വീട്ടുകാർ ആ മറുപടിയിൽ തൃപ്തരായി. അതേസമയം, ജൂലൈ എട്ടിനു സുള്ള്യയിലെത്തിയ പുഷ്പാവതിയെയുംകൂട്ടി മോഹൻ കുമാർ ബംഗളൂരുവിലേക്കു തിരിച്ചു. അവിടെ ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു.
പുഷ്പാവതിയോടൊപ്പം അന്നു രാത്രി ചെലവഴിച്ചു. അടുത്ത ദിവസം രാവിലെ തന്ത്രപൂർവം സ്വർണാഭരണങ്ങൾ അഴിച്ചുവയ്പിച്ചു. തുടർന്നു പുഷ്പാവതിയെയും കൂട്ടി സമീപത്തെ ബസ്സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള ഗുളികയെന്നു പറഞ്ഞ് സയനൈഡ് കലർന്ന ഗുളികനൽകി.
ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ടോയ്ലറ്റിൽ പോയി കഴിക്കാൻ നിർദേശിച്ചു. മോഹന്റെ വാക്കു വിശ്വസിച്ച പുഷ്പാവതി ഗുളികയുമായി ടോയ്ലറ്റിലേക്കു പോയി. ഗുളിക കഴിച്ച പുഷ്പാവതി ഉടൻ അവിടെ കുഴഞ്ഞുവീണു.
ബസ്സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉപ്പാർപേട്ട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒന്നുമറിയാത്ത ഭാവത്തിൽ ബസ് സ്റ്റാൻഡിൽനിന്നു തിരികെ മുറിയിലെത്തിയ മോഹൻ കുമാർ പുഷ്പാവതിയുടെ ആഭരണങ്ങളുമെടുത്തു നാട്ടിലേക്കു മടങ്ങി.
മൂന്നര മാസത്തിനു ശേഷം 2009 ഒക്ടോബർ 21ന് ഇയാൾ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് പുഷ്പാവതിയടക്കം 20 യുവതികളെ കൊലപ്പെടുത്തിയ സംഭവങ്ങൾ പുറത്തുവന്നത്.
മരിക്കാത്ത കാമുകി!
ഇതൊക്കെയാണെങ്കിലും മോഹൻ ഒരുക്കിയ മരണക്കെണിയിൽനിന്നു ഭാഗ്യം കൊണ്ടു രക്ഷപ്പെട്ട ഒരു കാമുകിയുമുണ്ട്. ഒടുവിൽ മോഹന്‍ കുമാറിനെതിരെ സാക്ഷികളെ കണ്ടെത്താൻ പോലീസ് ഏറെ പാടുപെട്ടപ്പോൾ ഇവരാണ് തുണയായി മാറിയത്. തലനാരിഴ്യ്ക്കാണ് ഇവർ മരണത്തിൽനിന്നു രക്ഷപ്പെട്ടതെന്നു പറയാം.
പതിവുപോലെ വിവാഹവാഗ്ദാനം ചെയ്താണ് ഇവരെയും ഇയാൾ വലയിൽ വീഴ്ത്തിയത്. യുവതിയെ ഒരു ദിവസം പ്രലോഭിപ്പിച്ച് ഇയാൾ മടിക്കേരിയിലെ ലോഡ്ജിൽ എത്തിച്ചു. ആ യുവതിയുമായി അന്നു രാത്രി ചെലവഴിച്ചു.
പിന്നീട് അവരുമായി ബസ് സ്റ്റാൻഡിനു സമീപമെത്തി. ഗർഭധാരണ സാധ്യതയെക്കുറിച്ചു പറഞ്ഞ് സയനൈഡ് ഗുളികയും നൽകി ബസ് സ്റ്റാൻഡിലെ മൂത്രപ്പുരയിലേക്കു പറഞ്ഞുവിട്ടു. എന്നാൽ, അവിടെ ചെന്നപാടെ ഗുളിക വിഴുങ്ങുന്നതിനു പകരം അവർ അതിന്റെ രുചിയറിയാൻ അതിലൊന്നു നക്കി നോക്കി.
എന്നാൽ, അടുത്ത നിമിഷം അവർ അവിടെ കുഴഞ്ഞുവീണു. ചിലരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ അവളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. വിഷാംശം അധികം ഉള്ളിൽ ചെല്ലാതിരുന്നതിനാൽ അവൾക്കു ജീവൻ തിരിച്ചുകിട്ടി.
എന്നാൽ, ആശുപത്രിയിൽ താൻ ആത്മഹത്യശ്രമം നടത്തിയതാണെന്നാണ് ഇവർ പറഞ്ഞത്. മോഹൻ കുമാറിനൊപ്പം മുറിയെടുത്തതും കഴിഞ്ഞതും പുറത്തറിഞ്ഞാൽ മാനക്കേടാകും എന്നതുകൊണ്ടാണ് ഇവർ അത് ആരോടും പറയാതിരുന്നത്.
അതു മോഹനും രക്ഷയായി മാറി. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ അവർ നാട്ടില്‍ തിരികെയെത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം അവളുടെ വിവാഹവും നടന്നു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയതോടെ മോഹന്‍ കുമാറിനെതിരെ മൊഴി നല്കാന് യുവതി പിന്നീടു തയാറായി.
സയനൈഡ് വന്ന വഴി
അന്വേഷണത്തിനൊടുവിൽ മോഹന്‍ കുമാറിനു സയനൈഡ് നല്കുന്ന ആളെയും പോലീസ് കണ്ടെത്തി. അബ്ദുള്‍ സലാം എന്നൊരു കെമിക്കല്‍ ഡീലറായിരുന്നു അത്. മോഹന്‍ കുമാര്‍ ഒരു സ്വര്‍ണ വ്യാപാരി എന്നു പറഞ്ഞാണ് താനുമായി ഇടപാടു നടത്തിയതെന്നു അബ്ദുൾ സലാം അന്വേഷണ സംഘത്തോടു പറഞ്ഞു.
സ്വര്‍ണ വ്യവസായത്തിലെ പ്രധാന ഘടകമാണു പൊട്ടാസ്യം സയനൈഡ്. എന്നാല്‍, പൊട്ടാസ്യം സയനൈഡ് വില്ക്കാന് അബ്ദുല്‍ സലാമിനു ലൈസന്‍സ് ഇല്ലായിരുന്നു. എന്തായാലും പോലീസ് അയാളെ കേസില്‍ മാപ്പു സാക്ഷിയാക്കി.
മംഗലാപുരം അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ ഈശ്വര്‍ ഭട്ട് എന്നൊരു പുരോഹിതനായിരുന്നു മറ്റൊരു സാക്ഷി. ഒരാള്‍ ഒരു പാപപരിഹാര പൂജ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. താന്‍ അറിയാതെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നും അതിനുള്ള പരിഹാര പൂജകള്‍ ചെയ്തു തരണമെന്നുമാണ് അയാള്‍ അപേക്ഷിച്ചത്.
ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഭട്ട് പൂജ ചെയ്തുകൊടുത്തു. പിന്നീട് മോഹന്‍ കുമാറിന്റെ അറസ്റ്റിനു ശേഷം ചിത്രങ്ങള്‍ പുറത്തു വന്നപ്പോഴാണ് തന്റെ മുന്നില്‍ പൂജയ്ക്കു വന്നയാള്‍ ഇയാള്‍ തന്നെയെന്നു ഭട്ടിനു മനസിലായത്.
ഭട്ട് നേരിട്ടു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രധാനപ്പെട്ട ഈ മൂന്നു സാക്ഷികളോടൊപ്പം മറ്റ് 46 സാക്ഷികളെയുംകൂടി അന്വേഷണസംഘം ഉള്‍പ്പെടുത്തി. അതേസമയം, കേസ് സ്വയം വാദിക്കാനായിരുന്നു മോഹന്റെ തീരുമാനം.
(തുടരും)
തയാറാക്കിയത്: റെനീഷ് മാത്യു