മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് 1993 ൽ പുറത്തിറങ്ങിയ ഇന്ത്യൻ എയർ ഫോഴ്സിനെ പ്രമേയമാക്കിയുള്ള സൈന്യം എന്ന സിനിമ. സൈന്യം സിനിമയുടെ സെറ്റിൽ ഉണ്ടായ ചില രസകരമായ സംഭവങ്ങൾ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്.
സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ കഥ പറയുമ്പോലെ ആളുകളിലേക്ക് എത്തിക്കാൻ അടുത്തയിടെ ഒരു യുട്യൂബ് ചാനൽ കൂടി അദ്ദേഹം ആരംഭിച്ചിരുന്നു. മുകേഷ് സ്പീക്കിങ് എന്നാണ് ചാനലിന് പേരിട്ടിരിക്കുന്നത്.
സൈന്യം സിനിമയുടെ ചിത്രീകരണത്തിനായി നടി പ്രിയരാമന്റെ മുഖത്ത് പൊള്ളലേറ്റ തരത്തിൽ മേക്കപ്പ് ഇടാൻ സംവിധായകൻ ജോഷി ആവശ്യപ്പെട്ടപ്പോൾ സിനിമയിലെ മൂന്ന് മേക്കപ്പ്മാൻമാർക്കും അത് സാധിച്ചില്ലെന്നും ഒടുവിൽ പ്രശ്നം പരിഹരിച്ചത് മമ്മൂട്ടിയുടെ ബുദ്ധി ഉപയോഗിച്ചാണെന്നുമാണ് മുകേഷ് പറയുന്നത്.
ചിത്രത്തിൽ ഒരു അപകടത്തിൽ പ്രിയയ്ക്ക് പൊള്ളലേൽക്കുന്ന രംഗമുണ്ട്. സിനിമയിൽ മൂന്ന് മേക്കപ്പ്മാൻമാരാണുണ്ടായിരുന്നത്. അവരെ വിളിച്ചിട്ട് സംവിധായകൻ ജോഷി പൊള്ളലെങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് കാണിക്കൂ എന്ന് പറഞ്ഞു.
നിങ്ങൾ നിങ്ങളുടെ കൈയിൽ ഇട്ടിട്ട് വന്ന് കാണിക്കാനാണ് പറഞ്ഞത്. ഹൈദരാബാദിലെ സെറ്റിൽ പിന്നെ ഒരു മേക്കപ്പ് മത്സരമാണ് നടന്നത്. ഒന്നാമത്തെയാള്‍ മേക്കപ്പുമായെത്തി. അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞു. പ്രിയയ്ക്ക് കുഷ്ഠമല്ല പൊള്ളലാണ് ഏറ്റത് കൊണ്ടുപോടാ… എന്ന് പറഞ്ഞു.
അടുത്തയാള്‍ മേക്കപ്പുമായി വന്നു. വരട്ടുചൊറി അല്ലെങ്കിൽ കരപ്പൻ, എടാ പൊള്ളലാണ്, എടുത്തു കള… ജോഷിയേട്ടൻ പറഞ്ഞത് അങ്ങനെയായിരുന്നു. മൂന്നാമത്തെ മേക്കപ്പ്മാൻ മത്സരത്തിൽ നിന്ന് പിന്മാറി.
ഇനി എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞിരിക്കുമ്പോഴാണ് മമ്മൂക്ക വന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ മേക്കപ്പ്മാനായ ജോര്‍ജിനെ വിളിച്ച് നമുക്കൊന്നും മനസിലാകാത്ത സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു. ജോര്‍ജ് പ്രിയാരാമന് മേക്കപ്പിട്ടു.
അത് കണ്ട് ജോഷിയേട്ടൻ പറഞ്ഞത് ഫന്റാസ്റ്റിക് എന്നാണ്, ഇതാണ് പൊള്ളൽ. മൂന്ന് മേക്ക്പ്പ്മാൻമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും ചെയ്യാൻ പറ്റാത്ത ഒരു മേക്കപ്പാണ് മമ്മൂക്കയും ജോര്‍ജും കൂടി ആ സമയത്ത് പ്രിയ രാമനുവേണ്ടി ചെയ്തത്- മുകേഷ് പറഞ്ഞു. -പിജി