ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികള്‍ക്ക് ‘മലര്‍’ ആണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രമാണ് സായ് പല്ലവിയ്ക്ക് മലയാളികളുടെ ഇഷ്ടം നേടിക്കൊടുത്തത്.
പിന്നെ ഇന്നുവരെ സായ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് താരം.
അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല.
മാത്രമല്ല രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം നിരസിച്ചും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പരസ്യം ഉപേക്ഷിക്കാന്‍ ഉണ്ടായ കാരണം കുറിച്ച് തുറന്ന് പറയുകയാണ് സായി പല്ലവി ഇപ്പോള്‍.
ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ… ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്.
വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു. തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിക്ക്. അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്പോള്‍, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു.
നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് ആ പരസ്യം വേണ്ടെന്ന് വെക്കണമായിരുന്നു.
എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം. അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് സായ് പല്ലവി പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സായ് ഇക്കാര്യം വെളിപ്പെടുത്തിയത്.