തെലുങ്ക് സിനിമാ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സായ് പല്ലവി. അന്തരിച്ച നടി സൗന്ദര്യക്കു ശേഷം തെലുങ്ക് സിനിമാലോകം ഏറെ ആദരവോടെ കാണുന്ന നടി സായ് പല്ലവിയാണ്.
അഭിനയ മികവിനൊപ്പം അടുത്ത വീട്ടിലെ പെൺകുട്ടി ഇമേജും സാധാരണക്കാരിയുടെ പെരുമാറ്റവും ഈ ജനപ്രീതിയിൽ വലിയൊരു ഘടകമാണ്. തമിഴകത്തും ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ സായ് പല്ലവിക്കു കഴിഞ്ഞു. എന്നാൽ മലയാളത്തിൽ നാളുകളായി സായ് പല്ലവിയെ കാണാറില്ല. പ്രേമത്തിനു ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണു മലയാളത്തിൽ അഭിനയിച്ചത്. പ്രേമത്തിലെ മലർ മിസ് ആയാണ് മലയാളികൾ ഇന്നും സായ് പല്ലവിയെ ഓർക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചേച്ചിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്കു കടക്കാൻ ഇതുവരെ തയാറായിട്ടില്ല. ഇതിനിടെയാണു പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
അതേസമയം 31 കാരിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്കു കടക്കാത്തത് എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. വിവാഹം നീണ്ടുപോകുന്നതിനെക്കുറിച്ചു മുമ്പൊരിക്കൽ സായ് പല്ലവി തുറന്നു സംസാരിച്ചിട്ടുണ്ട്.
വിവാഹത്തെക്കുറിച്ച് അന്നു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 18 വയസുകാരിയായിരുന്നപ്പോൾ 23ാം വയസിൽ വിവാഹിതയാകുമെന്നും 30 വയസിനുള്ളിൽ രണ്ടു കുട്ടികളുടെ അമ്മയാകുമെന്നും മനസിൽ കരുതി.
എംബിബിഎസ് പഠനത്തിനു മുമ്പാണ് അങ്ങനെ ചിന്തിച്ചത്. എന്നാൽ പിന്നീട് എന്റെ തീരുമാനം മാറ്റി. ഇപ്പോൾ എന്നെ സ്വയം മനസിലാക്കുകയാണ്. അടുത്തൊന്നും വിവാഹമുണ്ടാകില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാൾ പങ്കാളിയാകണമെന്നാണ് സായ് പല്ലവി അന്നു പറഞ്ഞത്.