പ്രേമത്തിലൂടെ മലയാള മനസ് കീഴടക്കിയ സായ് പല്ലവി തെലുങ്ക് സിനിമാലോകവും കീഴടക്കാൻ ഒരുങ്ങുകയാണ്. ശേഖർ കമൂല സംവിധാനം ചെയ്യുന്ന ഫിദയാണ് സായിയുടെ പുതിയ ചിത്രം.എന്നാൽ ഒരുകാര്യത്തിൽ സായി അൽപം ടെൻഷനിലാണ്. തെലുങ്ക് ഡബ്ബിങിന്റെ കാര്യത്തിൽ. പ്രേമത്തിലും കലി സിനിമയിലും മലയാളവും തമിഴുമൊക്കെ നന്നായി ഡബ്ബ് ചെയ്ത സായിക്ക് തെലുങ്കിലെത്തിയപ്പോൾ അൽപം പണികിട്ടി.
നാക്ക് ഉളുക്കിയും വാക്കുകൾ തെറ്റിയും തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകനായ ശേഖർ സായ് പല്ലവിക്ക് പിന്തുണയുമായി കൂടെയുണ്ട്. പെണ്കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവർത്തനം എന്നാണ് വീഡിയോയ്ക്ക് ശേഖർ നൽകിയ അടിക്കുറിപ്പ്. വരുണ്‍ തേജ് ആണ് ഈ ചിത്രത്തിലെ നായകൻ.തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എൻആർ ഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ടീസർ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.