സൗന്ദര്യത്തിന്റെ പേരിലും ഉറച്ച നിലപാടുകളുടെ പേരിലും തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ സ്വഭാവിക സൗന്ദര്യത്തോടെ താരസമ്പന്നമായ വേദികളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള അപൂര്‍വം നടിമാരില്‍ ഒരാള്‍ കൂടിയാണ് സായ് പല്ലവി. മാന്യമായ വസ്ത്രധാരണത്തിന്റെ പേരിലും താരത്തിന് ഏറെ അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട്. പലപ്പോഴും സാരിയിലാണ് സായ് പല്ലവി വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായ പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് സായ് പല്ലവി 2015-ല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. മലര് മിസിന്റെ മുഖക്കുരു നിറഞ്ഞ മുഖവും ചിരിയുമൊക്കെ യുവാക്കള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചു.
തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായ് പല്ലവിക്ക് പിന്നീട് ആ രംഗത്തേക്കു തിരിയാന്‍ പോലും കഴിയാത്തത്ര തിരക്കായി സിനിമയിൽ. മലയാളത്തിലും തമിഴിലും തെലുങ്കിലും ഏറ്റവും മുന്‍നിര നടന്മാര്ക്കൊപ്പം അഭിനയിക്കാന്‍ സായ് പല്ലവിക്കു കഴിഞ്ഞു. അടുത്തിടെ പുറത്തിങ്ങിയ അമരന് എന്ന ചിത്രത്തിലെ ശിവകാര്‍ത്തികേയനൊപ്പമുള്ള പ്രകടനവും ആരാധകരുടെ കൈയടി വാങ്ങി.
യുവനടികളില്‍ മികച്ച നര്‍ത്തകി കൂടിയായ സായ് പല്ലവി ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാട് പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്. ജനങ്ങള്‍ ഗ്ലാമറിന്റെ പേരിലല്ല കഴിവിന്റെ പേരില്‍ അംഗീകരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സായ് പല്ലവി വ്യക്തമാക്കിയിട്ടുണ്ട്. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല’ – എന്നാണ് ഈ വിഷയത്തില്‍ സായ് പല്ലവി പ്രതികരിച്ചിട്ടുള്ളത്.
ഇപ്പോഴിതാ സിനിമകളില്‍ ഷോര്‍ട്ട് ഡ്രസുകള്‍ ഒരിക്കലും ധരിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ നടന്ന ടാംഗോ ഫെസ്റ്റിവലില്‍ സായ് പല്ലവി ടാംഗോ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അന്നത്തെ അനുഭവമാണ് ഷോര്‍ട്ട് ഡ്രസുകള്‍ ധരിക്കുന്നതില്‍ നിന്ന് നടിയെ പിന്തിരിപ്പിച്ചത്.
സിനിമകളില്‍ പോലും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് സായ് പല്ലവി ഉറച്ച തീരുമാനം എടുക്കുകയും ചെയ്തു. ജോര്‍ജിയയില്‍ പഠിക്കുന്ന കാലത്താണ് ടാംഗോ ഫെസ്റ്റിവലില്‍ പങ്കെടുത്തത്. ഇറക്കം കുറഞ്ഞ സ്ലിറ്റ് വസ്ത്രമാണ് നൃത്തത്തിന് അണിഞ്ഞത്. അത്തരമൊരു വസ്ത്രം ധരിക്കാന്‍ മാതാപിതാക്കളില്‍ നിന്ന് മുന്‍കൂട്ടി അനുമതിയും വാങ്ങിയിരുന്നു.
സായ് പല്ലവിയുടെ വാക്കുകൾ- ആളുകള്‍ എന്റെ സ്ലിറ്റ് വസ്ത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി. എന്നെ ഒരു വസ്തു എന്ന നിലയില്‍ കാണാന്‍ തുടങ്ങി. എനിക്ക് വളരെ അസ്വസ്ഥത തോന്നി’. അന്നത്തെ സംഭവത്തോടെ പിന്നീട് തനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നും ഒരിക്കലും ചെയ്യില്ലെന്ന് തീരുമാനമെടുത്തു. അതു മാത്രമല്ല, ഒരാളുടെ വസ്ത്രധാരണം ആ വ്യക്തി എങ്ങനെയാണെന്നതിന്റെ പ്രതിഫലനമല്ല. സിനിമയിൽ ലഭിക്കുന്ന വേഷങ്ങളില്‍ സന്തുഷ്ടയാണ്. ഗ്ലാമര്‍ ആവശ്യപ്പെടുന്ന റോളുകള്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ ഒരു സുഖമുണ്ട്- സായ് പല്ലവി പറയുന്നു.