ദീപാവലി സീസണ് ആയതുകൊണ്ട് വലിയ താരപോരാട്ടമാണ് ഇപ്പോൾ ബോക്സോഫീസില് നടക്കുന്നത്. തമിഴ് സിനിമയിലെ മുന്നിര താരമായ ശിവകാര്ത്തികേയനും മലയാളത്തിന്റെ സ്വന്തം ദുല്ഖര് സല്മാനുമെല്ലാം വലിയ ചിത്രങ്ങളുമായി ബോക്സോഫീസില് ഏറ്റുമുട്ടുകയാണ്. രണ്ട് ചിത്രങ്ങള്ക്കും ഒരുപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതില് മേജര് മുകുന്ദിന്റെ ജീവിതകഥ പറയുന്ന അമരൻ എന്ന ചിത്രത്തിൽ ശിവ കാര്ത്തികേയനാണ് നായകനായി എത്തുന്നത്. താരത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവാകും ചിത്രമെന്നാണ് പ്രതികരണങ്ങള് സൂചിപ്പിക്കുന്നത്. ചിത്രത്തില് മലയാളികളുടെ പ്രിയങ്കരിയായ സായ് പല്ലവിയാണ് നായിക. അതുകൊണ്ട് തന്നെ കേരളത്തിലും ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ശിവ കാര്ത്തികേയന് ചിത്രത്തില് മേജര് മുകുന്ദ് വരദരാജനായി എത്തുമ്പോള്, മലയാളിയായ ഭാര്യ ഇന്ദു റെബ്ബേക്ക വര്ഗീസായി എത്തുന്നത് സായ് പല്ലവിയാണ്. ശിവ കാര്ത്തികേയന് അടുത്തിടെ വമ്പന് ഹിറ്റുകളുമായി കുതിക്കുകയാണ്. ഡോക്ടര്, ഡോണ്, അയലാന്, മാവീരന് പോലുള്ള വമ്പന് ഹിറ്റുകളാണ് ശിവ കാര്ത്തികേയന് തുടരെത്തടരെ ലഭിച്ചിരിക്കുന്നത്. അടുത്തിടെ ഒരു പരാജയ ചിത്രം മാത്രമാണ് ശിവയ്ക്ക് ഉള്ളത്.
വിജയ് പോലൊരു താരത്തിന്റെപിന്തുണയും ശിവ കാര്ത്തികേയന് ലഭിച്ചിരുന്നു. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം വലിയ പ്രതീക്ഷയുണ്ടാക്കുന്നത്. അതേസമയം ഹിറ്റുകളുടെ നിരയിലേക്ക് അമരനും എത്താനാണ് സാധ്യത. ആദ്യ ദിനം തന്നെ ഇന്ത്യയില് നിന്ന് ഇരുപത് കോടിയില് അധികം ചിത്രം കളക്ട് ചെയ്യുമെന്നാണ് റിപ്പോര്ട്ട്. 130 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
കമല്ഹാസ രാജ്കമല് ഫിലിംസാണ് ചിത്രം നിര്മിച്ചിരിക്കുന്നത്. വിക്രമിന് ശേഷം കമല്ഹാസന് മികച്ചൊരു ചിത്രം കൂടിയാണ് നിര്മിച്ചിരിക്കുന്നതെന്ന് ആരാധകര് പറയുന്നു. ബയോഗ്രാഫിക്കല് വാര് ഫിലിമായിട്ടാണ് അമരന് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ താരങ്ങള്ക്കൊല്ലം വമ്പന് പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്.
ശിവ കാര്ത്തികേയന് കരിയറിലെ തന്നെ ഉയര്ന്ന പ്രതിഫലമാണ് ചിത്രത്തിനായി വാങ്ങിയിരിക്കുന്നത്. മുപ്പത് കോടിയാണ് ശിവയുടെ പ്രതിഫലം. ഡോക്ടര് റിലീസായതിന് ശേഷം ശിവ കാര്ത്തികേയന് പ്രതിഫലം വര്ധിപ്പിച്ചത്. താരത്തിന്റെ ബോക്സോഫീസ് മൂല്യവും വര്ധിച്ചിരുന്നു. 25 കോടിയായിട്ടായിരുന്നു ഉയര്ത്തിയത്. അവിടെ നിന്നാണ് മുപ്പത് കോടിയില് എത്തിയിരിക്കുന്നത്.
അതേസമയം സായ് പല്ലവി ചിത്രത്തിനായി പക്ഷേ കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നത്. തെലുങ്ക് സിനിമയില് വളരെ ഉയര്ന്ന പ്രതിഫലം സായ് പല്ലവിക്ക് ലഭിക്കുന്നുണ്ട്. അമരനില് മൂന്ന് കോടി രൂപയാണ് നടിയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു.
തെലുങ്ക് ചിത്രങ്ങളില് അഞ്ച് കോടി രൂപ വരെ നടി പ്രതിഫലമായി വാങ്ങുന്നുണ്ട്. രാമായണത്തില് സീതയായി സായ് പല്ലവി അഭിനയിക്കുന്നുണ്ട്. ഇരുപത് കോടിക്കുള്ളിലാണ് നടിയുടെ പ്രതിഫലം. നയന്താര വരെ നടിയുടെ പ്രതിഫലത്തിന് മുന്നില് വീണിരുന്നു.