തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. വിരാട പർവമാണ് സായ് പല്ലവിയുടെ അടുത്തയിടെ ഇറങ്ങിയതിൽ ശ്രദ്ധേയമായൊരു സനിമ.
ചിത്രത്തിൽ മുഴുനീള വേഷമായിരുന്നു സായ് പല്ലവി ചെയ്തത്. റാണ ദഗുപതിയായിരുന്നു നായകൻ. നടി പ്രിയാമണിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം റിലീസ് ചെയ്തിരുന്നു.
മാവോയിസ്റ്റായ നായകന് അമ്മ എഴുതിയ കത്തുമായി സായ് പല്ലവിയുടെ കഥാപാത്രം പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഇപ്പോൾ സിനിമയുടെ പ്രെമോഷനുകൾക്കിടെ യഥാർഥ ജീവിതത്തിലെഴുതിയ കത്തിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ആൺകുട്ടിക്ക് പ്രണയ ലേഖനമെഴുതിയിരുന്നെന്നും എന്നാൽ ഇത് മാതാപിതാക്കൾ കണ്ടു പിടിച്ചെന്നുമാണ് സായ് പറഞ്ഞത്.
അന്ന് മാതാപിതാക്കളിൽനിന്നും നല്ല പോലെ തല്ല് കിട്ടിയെന്നും സായ് പല്ലവി ഓർത്തെടുത്തു.ഇതേചോദ്യം റാണ ദഗുപതിയോടും ചോദിച്ചപ്പോൾ തന്റെ മുത്തച്ഛന് ഒരിക്കൽ കത്തെഴുതിയിരുന്നെന്നാണ് നടൻ പറഞ്ഞത്.
ഫിലിം മേക്കറായിരുന്ന ദഗുബതി രാംനായിഡുവിനാണ് റാണ കത്തെഴുതിയത് അതിന് ശേഷം കത്തെഴുതിയിട്ടില്ലെന്നും നടൻ പറഞ്ഞു.
മികച്ച നിരൂപക പ്രശംസ നേടിയ വിരാടപർവം പക്ഷെ ബോക്സ് ഓഫീസിൽ വിജയിച്ചിട്ടില്ല. പിന്നാലെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസായത്.
ചിത്രം വിജയിച്ചില്ലെങ്കിലും സായ് പല്ലവിയുടെ കരിയറിലെ മികച്ച സിനിമയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളത്തിൽനിന്നും ഏറെ നാളായി മാറി നിൽക്കുകയാണ് സായ് പല്ലവി.
പ്രേമം, കലി, അതിരൻ എന്നീ മൂന്ന് സിനിമകളാണ് നടി ഇതുവരെ മലയാളത്തിൽ ചെയ്തത്.മികച്ച കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് നടിയെന്നാണ് വിവരം.
തെലുങ്കിലെ തിരക്കും മലയാളത്തിലെ ഇടവേളയ്ക്ക് കാരണമാവുന്നുണ്ട്. മിക്ക തെന്നിന്ത്യൻ ഭാഷകളിലെയും മുൻനിര നടൻമാരുടെ കൂടെ സായ് പല്ലവി ഇതിനകം അഭിനയിച്ചു.