ന്യൂഡൽഹി: ദംഗൽ നടി സൈറ വസിമിനു നേരെ വിമാനത്തിൽ ലൈംഗിക അതിക്രമം. ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നിൽ ഇരുന്ന യാത്രക്കാരനാണ് അതിക്രമത്തിനു ശ്രമിച്ചത്.
പിന്നിലിരുന്ന യാത്രക്കാരൻ തന്റെ കാൽ ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു. ഉറക്കത്തിലായിരുന്ന താൻ ഞെട്ടിയുണർപ്പോഴാണ് അക്രമിയുടെ കാൽ കാണാൻ കഴിഞ്ഞതെന്നു സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തി. പിന്നിലിരുന്നയാൾ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരഞ്ഞുകൊണ്ടാണ് സൈറ സംഭവങ്ങൾ വിവരിക്കുന്നത്.
അക്രമിയുടെ ചിത്രമെടുക്കാൻ സൈറ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാൽ ഇതിനു സാധിച്ചില്ല. എന്നാൽ അക്രമി കാൽ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. പത്തുമിനിറ്റ് നേരത്തേക്ക് അതിക്രമം നീണ്ടുനിന്നെന്ന് സൈറ വീഡിയോയിൽ പറയുന്നു.
സൈറയുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതായും പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എയർ വിസ്താര അറിയിച്ചു. ഇത്തരം സംഭവങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും സൈറയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും വിമാനക്കന്പനി കൂട്ടിച്ചേർത്തു.