കളമശേരി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രഫഷണൽ ക്ലബായ ബംഗളൂരു എഫ്സി അണ്ടർ 13 വിഭാഗത്തിലേക്ക് പതിനൊന്നുകാരനായ സൈറസ് അഭിലാഷ് തെരഞ്ഞെടുക്കപ്പെട്ടു. വരാപ്പുഴ സ്വദേശിയും ഫാക്ട്, എഫ്സി കൊച്ചിൻ ഫുട്ബോൾ ടീമുകളുടെ മുൻ ഗോൾകീപ്പറുമായ കെ.ടി. അഭിലാഷിന്റെ മകനാണു സൈറസ്. കഴിഞ്ഞ ബേബി ലീഗിൽ 28 ഗോളുകൾ ആണ് സൈറസ് ഏലൂരിലെ ഫ്യൂച്ചർ ഫുട്ബോൾ അക്കാഡമിക്കുവേണ്ടി നേടിയത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 150 ഓളം കുട്ടികളിൽ നിന്നാണ് സൈറസിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് കൊല്ലമായി എഫ് എഫ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. മികച്ച ബോൾ കൺട്രോളും, നല്ല ഡ്രിബ്ലിംഗും, ഗോളടിക്കാനുള്ള നല്ല കഴിവും ഉള്ള കുട്ടിയാണ് സൈറസെന്നാണ് പരിശീലകരുടെ വിലയിരുത്തൽ.
മലപ്പുറത്തും ബംഗലൂരുവിലെ ബല്ലാരിയിലും നടത്തിയ സെലക്ഷൻ റൗണ്ടിലൂടെയാണ് കൊച്ചുമിടുക്കനെ തിരഞ്ഞെടുത്തത്. ബംഗളൂരുവിൽ 17 മുതൽ പരിശീലനം ആരംഭിക്കും 18 വയസുവരെ അവിടെ പരിശീലനം ലഭിക്കും. ഭക്ഷണം, താമസം, പഠനം തുടങ്ങി എല്ലാം സൗജന്യമായി ലഭിക്കും.