സുസ്മിതാ സെന്നിനും ലാറാ ദത്തയ്ക്കും പിന്നാലെ വിശ്വസുന്ദരിപ്പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി പഞ്ചാബ് സുന്ദരി ഹര്‍നാസ് സന്ധു ഉദിച്ചുയര്‍ന്നപ്പോള്‍ ചര്‍ച്ചയായത് ഫിനാലെ റൗണ്ടിലെ ഹര്‍നാസിന്റെ ഔട്ട്ഫിറ്റാണ്.
ബീജ് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ഫിനാലെയ്ക്കു വേണ്ടി ഹര്‍നാസ് ധരിച്ചത്. സില്‍വര്‍ വര്‍ക്കുകളും വി ആകൃതിയിലുള്ള കഴുത്തുമൊക്കെയാണ് ഈ ബോഡിഫിറ്റ് ഗൗണിന്റെ പ്രത്യേകത.
പ്രശസ്ത ട്രാന്‍സ് ഡിസൈനറായ സൈഷ ഷിന്‍ഡെയാണ് ഹര്‍നാസിനു വേണ്ടി ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്.
ഹര്‍നാസിനെ വേദിയില്‍ കൂടുതല്‍ തിളക്കമുള്ളവളാക്കുന്ന ഗൗണ്‍ ഡിസൈന്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് സൈഷ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
മോഡേണും ഒപ്പം കരുത്തുമാവണം ഹര്‍നാസിന്റെ ഗൗണ്‍ ലുക്ക് എന്നാണ് മനസ്സില്‍ ഉണ്ടായിരുന്നത്. ഹര്‍നാസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ മറ്റെല്ലാ ഇന്ത്യക്കാരെയുംപോലെ താനും ഏറെ സന്തോഷത്തിലായിരുന്നു.
2000ത്തില്‍ ഫാഷന്‍ വിദ്യാര്‍ഥിയായിരിക്കെ ലാറാ ദത്ത വിജയിയായത് ഓര്‍മയിലുണ്ട്. അന്നേ മിസ് യൂണിവേഴ്‌സ് ആകുന്ന ഇന്ത്യക്കാരിക്ക് വേണ്ടി ഗൗണ്‍ ഡിസൈന്‍ ചെയ്യുമെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.
അതിപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ ഇത് ഹര്‍നാസിന്റെയും ഇന്ത്യയുടെയും മാത്രം വിജയമല്ല, സൈഷയുടേതും കൂടിയാണ്- സൈഷ പറഞ്ഞു.
ഈ ജനുവരിയിലാണ് സ്വപ്നില്‍ ഷിന്‍ഡെ ട്രാന്‍സ് വുമണാകുന്നുവെന്നും ഇനിമുതല്‍ സൈഷ ഷിന്‍ഡെ എന്ന പേരിലറിയപ്പെടുമെന്നും പ്രഖ്യാപിച്ചത്.
കരീന കപൂര്‍, ശ്രദ്ധ കപൂര്‍, അനുഷ്‌ക ശര്‍മ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ സൈഷയുടെ ഡിസൈനുകള്‍ അണിഞ്ഞിട്ടുണ്ട്. ഫാഷന്‍ പോലുള്ള സിനിമകളിലെ സൈഷയുടെ ഡിസൈനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചണ്ഡീഗഡ് സ്വദേശിയായ ഹര്‍നാസ് മോഡലിംഗ് മേഖലയില്‍ സുപരിചിതയാണ്. വിശ്വസുന്ദരി പട്ടം നേടുന്നതിന് മുമ്പ് നിരവധി സൗന്ദര്യ മത്സരവേദികളിലും ഹര്‍നാസ് ഭാഗമായിരുന്നു.
2019ല്‍ ഫെമിനാ മിസ് ഇന്ത്യാ പഞ്ചാബ് കിരീടവും ഹര്‍നാസ് നേടിയിരുന്നു. 2019ലെ ഫെമിനാ മിസ് ഇന്ത്യയില്‍ അവസാന 12 പേരില്‍ ഒരാളായി ഇടം നേടുകയും ചെയ്തിരുന്നു ഹര്‍നാസ്.
സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തനിക്ക് അവസരം കിട്ടുന്ന വേദികളില്‍ സംസാരിക്കാറുള്ളയാളുമാണ് ഹര്‍നാസ്.
പ്രിയങ്കാ ചോപ്രയാണ് തന്റെ പ്രചോദനം എന്നും താരം മുമ്പ് പറഞ്ഞിട്ടുണ്ട്. ഫാഷനും മോഡലിംഗും കൂടാതെ യോഗ, നൃത്തം, പാചകം, ചെസ്, കുതിര സവാരി തുടങ്ങിയവയാണ് ഹര്‍നാസിന്റെ വിനോദങ്ങള്‍.
ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനയത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാറുള്ളയാളാണ് ഹര്‍നാസ്. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുകയാണ് ഹര്‍നാസ് ഇപ്പോള്‍.
1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്സ് പട്ടം നേടിയത്. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹര്‍നാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്.
പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.
2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.