കായംകുളം : കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഓൺ ലൈൻ പഠനം എന്ന വ്യത്യസ്തമായ രീതിയിൽ ഇന്നലെ കുട്ടികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തിലാദ്യമായിട്ടാണ് കുരുന്നുകൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ഓൺ ലൈൻ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.
ഓൺലൈൻ പഠനം ഒന്നാം ദിവസം അവസാനിക്കുമ്പോൾ കുട്ടികൾക്ക് മനോഹരമായി ക്ലാസെടുത്ത ഒരു പ്രിയപ്പെട്ട ടീച്ചർ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരമായി . ഇതിനിടെ ടീച്ചറിന്റെ ക്ലാസെടുക്കുന്ന രീതിയെ ട്രോളിയും ചിലർ രംഗത്ത് വന്നു.
കോഴിക്കോട് മുതുവടത്തൂർ വിവിഎൽപി സ്കൂൾ അധ്യാപികയായ സായി ശ്വേത എന്ന ടീച്ചറാണ് ഇന്നലെ ഒറ്റ ദിവസത്തെ ഓൺ ലൈൻ ക്ലാസിലൂടെ താരമായത്. ടീച്ചറിനെ അഭിനന്ദിച്ച് ഇപ്പോൾ ഒരു പാട് പേർ രംഗത്തെത്തിയിട്ടുണ്ട്.
ഇക്കൂട്ടത്തിൽ വ്യത്യസ്ഥമാർന്ന രീതിയിൽ ടീച്ചർക്ക് അഭിനന്ദനവുമായി എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദം ഷജീമിന്റെ വീഡിയോ ഇപ്പോൾ വൈറലായി.
ടീച്ചറെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടെന്നും ഇനിയും വരണേ എന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് കായംകുളം എരുവ ഗവൺമെന്റ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദം എം എസ് എന്ന. സായി ടീച്ചറിന് നിറയെ ഉമ്മയും കൊടുത്താണ് ഇനിയും വരണേ എന്ന് ആദംവീണ്ടും വീണ്ടും പറയുന്നത്.
ഒപ്പം പാട്ട് പാടാന്‍ അഞ്ജു ടീച്ചറും എത്തണമെന്നാണ് ആവശ്യം. സായി ടീച്ചറിന്റെ മിട്ടു പൂച്ചയും തങ്കു പൂച്ചയും കുരങ്ങനും കഥപറച്ചിലും കുട്ടികളെ എത്രയധികമാണ് സ്വാധിനിച്ചതെന്ന് അറിയാന്‍ ഈ ഒരൊറ്റ വീഡിയോ മതി.
”ടീച്ചറിന്റെ ക്ലാസ് അടിപൊളിയായിരുന്നു, തങ്കുപൂച്ചയും മിട്ടു പൂച്ചയും സൂപ്പറായിരുന്നു. നെയ്യപ്പം ചുട്ടപ്പോ അവരെന്ത് ചെയ്തു? വഴക്ക് കൂടി. അവസാനം എനിക്കറിയാം.
കൊരങ്ങനൊണ്ടല്ലോ അത് പീസാക്കി ഒരുത്തന് വലുത് കൊടുത്തു, ഒരുത്തന് ചെറുത് കൊടുത്തു. പിന്നെയാ കൊരങ്ങൻ ഇച്ചിരെ കടിച്ചു ചെറുതാക്കി, അവന് കൊടുത്തു, മറ്റവനും കൊടുത്തു. അവസാനം മുഴുവൻ ഇല്ലാതാക്കി.
ടീച്ചറിന്റെ ക്ലാസെനിക്ക് ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. ഇനീം ക്ലാസെടുക്കാൻ ടീച്ചറ് തന്നെ വരണം. പിന്നെ അഞ്ജു ടീച്ചറിന്റെ പാട്ട് അടിപൊളിയാരുന്നു. പാട്ട് പാടാൻ വരണം. ഐ ലവ് യൂ സായി ടീച്ചറെ, അഞ്ജു ടീച്ചറെ. ഉമ്മ.;; ആദം വീഡിയോയിൽ പറയുന്നു….
നവ മാധ്യമങ്ങളിൽ ഇപ്പോൾ ആദമിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.കോഴിക്കോട് വടകര മടപ്പള്ളി ഗവൺമെൻറ് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ കായംകുളം ഷെമി കോട്ടേജിൽ ഷജീം ഷെരീഫിന്റെ മകനാണ് ആദം. ഷജീം ഷരീഫ് ഗായകനും അനുകരണ കലാകാരനുമാണ്.
ലോക്ക് ഡൗണി ന്റെ ആദ്യ ഘട്ടത്തിൽ വീട്ടിലിരുന്നാല്‍ നമ്മൾ കൊറോണയെ ഓടിക്കാം ….വീട്ടീന്ന് ഇറങ്ങിയാലോ നമ്മളെ കൊറോണ ഓടിക്കും … എന്നകൊറോണ വ്യാപനം തടയാൻ സന്ദേശവുമായി ഷജീം ചിട്ടപ്പെടുത്തി ആലപിച്ച ഗാനവും മുമ്പ് വൈറലായിരുന്നു.
ആദം മിമിക്രിയിലും ഡാൻസിലും കഴിവുള്ള വളർന്നു വരുന്ന താരമാണ്. ചില ചാനൽ റിയാലിറ്റി ഷോകളിലും ആദം പങ്കെടുത്ത് താരമായിട്ടുണ്ട്
നൗഷാദ് മാങ്കാംകുഴി