കരുവാരക്കുണ്ട്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിനു നേരേ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മലപ്പുറം ജില്ലയിലെ മേലാറ്റൂർ എടയാറ്റൂർ സ്വദേശിക്ക് പരിക്കേറ്റു. എടയാറ്റൂർ ഡിഎൻഎം എയുപി സ്കൂളിനു സമീപത്തെ പരേതനായ പാലത്തിങ്ങൽ മുഹമ്മദിന്റെ മകൻ സൈതാലി(38)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി 9.10 നായിരുന്നു ആക്രമണം.
അബഹയിലെ ജർമൻ ഹോസ്പിറ്റലിൽ ചികിൽസയിൽ കഴിയുന്ന സൈതാലി അപകടനില തരണം ചെയ്തതായാണ് വിവരം. വേനലവധിക്ക് സൗദിയിലെത്തിയ കുടുംബത്തെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. ഈ സമയത്താണ് യമനിലെ ഹൂതികൾ ഡ്രോണ്‍ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഒരു സിറിയൻ പൗരൻ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബഹയിൽ ജോലി ചെയ്യുന്ന സൈതാലിയുടെ അടുത്തേക്കു കഴിഞ്ഞ ഏപ്രിൽ 19നാണ് വിസിറ്റിംഗ് വിസയിൽ കുടുംബമെത്തിയത്. പരിക്കേറ്റവരിൽ 13 സൗദി പൗരൻമാരും 21 ബംഗ്ലാദേശ് വംശജരും രണ്ടു ഈജിപ്ത് സ്വദേശികളുമാണ്.
ഏതാനും ദിനങ്ങളായി അബഹ എയർപോർട്ടിനെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിടുന്ന മിസൈലുകൾ സാധാരണ ജനങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി.