1988 ജൂലൈ 28… ഈ ദിനം കായികപ്രേമികൾക്കു മറക്കാനാവില്ല. സയ്യിദ് മോഡി ഹസൻ കൊല ചെയ്യപ്പെട്ടത് അന്നാണ്. ഇന്ത്യൻ കായിക ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്ന്. കായിക ഭൂപടത്തിൽ വലിയ ഉയരങ്ങളിൽ എത്തേണ്ട പ്രതിഭ. പക്ഷേ, ആ കറുത്ത ദിനത്തിൽ ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ടകൾ ആ ജീവൻ അപഹരിച്ചു കടന്നുപോയി.
കൊല്ലപ്പെടുന്പോൾ സയ്യിദ് ഹസന്റെ പ്രായം 26 മാത്രം. ചെറിയ പ്രായത്തിനുള്ളിൽ ലോക ബാഡ്മിന്റൺ രംഗത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ബാഡ്മിന്റൺ സിംഗിൾസ് താരം. എട്ടു തവണ ദേശീയ ബാഡ്മിന്റൺ ചാന്പ്യൻ.
1982ൽ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് കിരീടം. ഒാസ്ട്രിയൻ ഇന്റർനാഷണൽ, യുഎസ്എസ്ആർ ഇന്റർ നാഷണൽ കിരീടം.
പ്രകാശ് പദുക്കോണിനെപ്പോലെ ബാഡ്മിന്റൺ രംഗത്തെ അടുത്ത സൂപ്പർസ്റ്റാർ ആയി വിശേഷിപ്പിക്കപ്പെട്ടയാൾ. അങ്ങനെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി ബാഡ്മിന്റൺ രംഗത്തു നിറഞ്ഞുനിൽക്കവേയാണ് ആ സംഭവങ്ങളുടെ തുടക്കം.
ആ പെൺകുട്ടി
1978ൽ ജൂണിയർ ദേശീയ ചാമ്പ്യനായിരുന്നപ്പോഴാണ് പതിനാറുകാരനായിരുന്ന സയ്യിദ് മോഡി ചൈനയിലെ ബെയ്ജിംഗിൽ നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. അതേ പ്രായത്തിലുള്ള ഒരു പെൺകുട്ടി ബാഡ്മിന്റൺ കളിക്കാൻ അന്നു വനിതാ ടീമിലും ഇടംപിടിച്ചിരുന്നു.
അവളുടെ പേര് അമിത. മഹാരാഷ്ട്രക്കാരി. ബാഡ്മിന്റൻ കോർട്ടുകൾ ഇരുവരെയും അടുപ്പിച്ചു. വൈകാതെ പ്രണയത്തിന്റെ സ്മാഷുകൾ. ഒടുവിൽ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ, ഇരുവരും പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ.
എതിർപ്പുമായി വീട്ടുകാർ
മോഡിയുടെയും അമിതയുടെയും കുടുംബ പശ്ചാത്തലവും രണ്ടുപേരും വളർന്ന സാഹചര്യവും വ്യത്യസ്തമായിരുന്നു. മോഡി മുസ്ലിം കുടുംബാംഗം. അമിത ഹിന്ദു പെൺകുട്ടി.
രണ്ടു കുടുംബങ്ങളിലും എതിർപ്പ് രൂക്ഷം. പക്ഷേ, വീട്ടുകാരുടെ എതിർപ്പുകളെ വകവയ്ക്കാതെ ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനമെടുത്തു. അങ്ങനെ അവർ രജിസ്റ്റർ വിവാഹം കഴിച്ചു.
കഥ മാറുന്നു
പ്രണയനാളുകളിലെ കിനാവുകളൊന്നും പക്ഷേ വിവാഹ ശേഷം പൂവണിഞ്ഞില്ല. വിവാഹം കഴിഞ്ഞ് അധികം നാൾ കഴിയും മുന്പേ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ അണപൊട്ടി. ഇങ്ങനെയിരിക്കെ അവർക്കിടയിലേക്കു മറ്റൊരു വില്ലൻ അവതരിച്ചു.
സഞ്ജയ് സിംഗ്. സന്പന്നനാണ്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സഹപാഠിയും കോൺഗ്രസ് പാർട്ടിയുടെ നേതാവുമായിരുന്നു. ഇതിനകം മോഡി- അമിത ദാന്പത്യജീവിതം കടുത്ത അസ്വസ്ഥതകളാൽ നിറഞ്ഞിരുന്നു. അ
മിത വൈകാതെ സഞ്ജയുമായി അടുത്തു. എന്നാൽ, വിവാഹിതനായിരുന്നു സഞ്ജയ്. രണ്ടു കുട്ടികളുണ്ട്. ഇവരുടെ സൗഹൃദം മോഡിയുടെ മനസിൽ സംശയത്തിന്റെ വിത്തുകൾ വിതച്ചു. തന്റെ ഭാര്യയ്ക്കു സഞ്ജയുമായി അവിഹിത ബന്ധമുണ്ടെന്ന് മോഡി കരുതി.
അമിത പതിവായി എഴുതിയിരുന്ന ഡയറിക്കുറിപ്പുകൾ അവൾ അറിയാതെ വായിക്കുന്ന ശീലം മോഡിക്ക് ഉണ്ടായിരുന്നു. അമിത ഒരിക്കൽ ഇതു മനസിലാക്കി. ഇതോടെ അവനെ ചൊടിപ്പിക്കണം എന്നു കരുതിത്തന്നെ സഞ്ജയുമായുള്ള ബന്ധത്തെക്കുറിച്ചു വിശദമായി അമിത ഡയറിയിൽ എഴുതിവച്ചു.
ഇതു വായിച്ചതോടെ മോഡിയുടെ മാനസിക നിയന്ത്രണം തന്നെ നഷ്ടമാകുന്നതായി തോന്നി. ഡയറിയിലെ കുറിപ്പുകൾ തന്നെ സംശയിച്ച മോഡിയെ കളിയാക്കാൻ വേണ്ടി കുറിച്ചതാണെന്നും ഭാവനയിൽ എഴുതിയതാണെന്നും പിന്നീട് അമിത പറഞ്ഞിരുന്നു.
ഗർഭിണിയായപ്പോൾ
സയ്യിദ് മോഡി- അമിത ബന്ധത്തിൽ വിള്ളലുകൾ വീഴുന്നതിനിടയിലാണ് അമിത ഗർഭിണിയാകുന്നത്. ഇതോടെ കുട്ടി തന്റേതല്ലെന്നു മോഡി വിശ്വസിച്ചു. കുട്ടിയുടെ അച്ഛൻ സഞ്ജയ് സിംഗ് ആണെന്ന നിഗമനത്താൽ അയാളെത്തി.
1988 മേയിൽ അമിത ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അമിത അവൾക്കു ഹിന്ദു നാമം നൽകി. തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ അടുത്തേൽപ്പിച്ച് അവൾ ബാഡ്മിന്റണിൽ സജീവമാകാൻ ലക്നോയിലേക്കു പോയി. പക്ഷേ, മോഡി എതിർത്തു. എന്നാൽ, തന്റെ കരിയർ നശിപ്പിക്കാൻ തയാറല്ലെന്ന നിലപാടിലായിരുന്നു അമിത.
കളിക്കളത്തിൽ വെടിയൊച്ച
ഈ സംഭവങ്ങൾക്കു ശേഷം 1988 ജൂലൈ 28ന് ലക്നോ കെ.ഡി.സിംഗ് ബാബു സ്റ്റേഡിയത്തിൽനിന്നു പരിശീലനത്തിനു ശേഷം പുറത്തിറങ്ങുകയായിരുന്നു മോഡി. പെട്ടെന്നു തെല്ലകലെനിന്നു വെടിപൊട്ടി. മോഡിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചയാൾ നിമിഷങ്ങൾക്കകം രക്ഷപ്പെട്ടു.
മകൾ ജനിച്ചു രണ്ടു മാസം പിന്നിട്ടപ്പോഴാണ് സയ്യിദ് മോഡി കൊല്ലപ്പെടുന്നത്. അറിയപ്പെടുന്ന കായികതാരത്തിന്റെ കൊലപാതകം ദേശീയ, അന്തർദേശീയ ശ്രദ്ധ നേടി.
സ്വാഭാവികമായി സംശയത്തിന്റെ നിഴൽ മോഡിയുടെ ഭാര്യ അമിത, ആൺസുഹൃത്ത് സഞ്ജയ് സിംഗ് എന്നിവരിലേക്കു വീണു. ഒന്നിച്ചു ജീവിക്കാൻ ഇരുവരും ചേർന്നു മോഡിയെ കൊലപ്പെടുത്തിയതാണെന്നു പലരും വിശ്വസിച്ചു.
സിബിഐ അന്വേഷണത്തിൽ അമിത, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ ഏഴു പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്തി. എന്നാൽ, കേസ് കോടതിയിലെത്തിയപ്പോൾ അമിതയെയും സഞ്ജയ് സിംഗിനെയും വെറുതെ വിട്ടു. പ്രതിപ്പട്ടികയിലെ അഖിലേഷ് സിംഗ്, ജിതേന്ദ്ര സിംഗ് എന്നിവരെയും കുറ്റവിമുക്തരാക്കി.
എന്നാൽ, ഇതുകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. കേസിലെ മറ്റ് പ്രതികളായ അമർ ബഹാദൂർ സിംഗ്, ബലായ് സിംഗ് എന്നിവർ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കവേ ദുരൂഹസാഹചര്യത്തിൽ കൊലപ്പെട്ടു.
ഒടുവിൽ മോഡിയെ വെടിവച്ചതു ഭഗവതി സിംഗ് എന്നയാളാണെന്ന വാദം കോടതി സ്വീകരിച്ചു.
പക്ഷേ, എന്തിനാണ് മോഡിയെ ഭഗവതി സിംഗ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് ആർക്കും ഉത്തരം കണ്ടെത്താനായില്ല. മോഡിയുടെ നെഞ്ചിലേക്കു നാലു വെടിയുണ്ടകളാണ് ഭഗവതി സിംഗ് പായിച്ചത്. കായികതാരവുമായി നേരിട്ടു ശത്രുത ഇല്ലാത്ത ഭഗവതി സിംഗ് ഇതു ചെയ്യാനുള്ള കാരണം മറ്റൊരാളുടെ പ്രേരണയാണെന്ന ഉറപ്പായിരുന്നു.
എന്നാൽ, ആ ആളെ ബന്ധിപ്പിക്കാനുള്ള ഒരു തെളിവും കണ്ടെത്താൻ അന്വേഷകർക്കു കഴിഞ്ഞില്ല.
ഉടൻ കല്യാണം
എന്നാൽ, മോഡിയുടെ മരണത്തിന്റെ ചൂടാറും മുന്പേ അമിതയും സഞ്ജയ് സിംഗും വിവാഹിതരായി എന്നത് എല്ലാവരെയും അന്പരപ്പിച്ചു. സഞ്ജയ് സിംഗിന്റെ ആദ്യ ഭാര്യ ഗരിമ സിംഗ് പത്രങ്ങളിലൂടെയാണ് ഈ വിവാഹത്തെക്കുറിച്ച് അറിഞ്ഞത്.
അവർ താനുമായുളള ബന്ധം വേർപ്പെടുത്താതെ സഞ്ജയ് അമിതയെ വിവാഹം കഴിച്ചതു ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിരുന്നു. താൻ ഒരിക്കലും ഭർത്താവിൽനിന്നു വിവാഹമോചനം നേടിയിട്ടില്ലെന്നും കോടതി തന്റെ രണ്ടാം ഭർത്താവിന്റെ വിവാഹം അസാധുവാണെന്നു പ്രഖ്യാപിക്കണമെന്നും ഗരിമ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വിവാഹ ശേഷം കളിക്കളം വിട്ട അമിതയും സഞ്ജയ് സിംഗും സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. അമിത അമേത്തിയിൽനിന്നുള്ള എംഎൽഎ ആയി. സഞ്ജയ് പാർലമെന്റംഗവും!