കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജന്റെ പേരിലുള്ള ഫോൺ കണക്ഷനിലേക്ക് വിളിച്ചയാളെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോൾ സാജന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
കൂടാതെ ഇയാളുടെ സാന്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാജൻ മരിച്ച ദിവസം സാജന്റെ പേരിലുള്ള ഫോൺ കണക്ഷനിലേക്ക് ഇയാളുടെ 27 കോളുകൾ വന്നിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
സാജന്റെ പേരിലുള്ള ഒരു സിം കാർഡ് ഉപയോഗിച്ചുള്ള ഫോണിലേക്ക് ആറുമാസത്തിനുള്ളിൽ വന്ന 2400 കോളുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. എന്നാൽ ഈ സിം കാർഡ് സാജനല്ല ഉപയോഗിച്ചിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അസമയങ്ങളിലാണ് ഈ ഫോണിലേക്ക് വന്ന ഫോൺ കോളുകളേറെയും. രാത്രി 11 നും 1.15 നും ഇടയിലാണ് പല കോളുകളും. ഒരേ നന്പറിൽനിന്നുതന്നെയാണ് കോളുകൾ വന്നത്.
ലൈസൻസ് ലഭിക്കാത്തതും സാന്പത്തികപ്രശ്നവും സാരമായി ബാധിച്ച സാജനെ മറ്റുചില പ്രശ്നങ്ങളും അലട്ടിയിരുന്നതായാണ് വിവരം. രണ്ടു കോടിയോളം രൂപയുടെ ബാധ്യത സാജനുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ബാങ്ക് ബാലൻസായി പത്തു ലക്ഷത്തോളം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുന്നു.
ഇതേത്തുടർന്ന് ഒരു ഫ്ളാറ്റും രണ്ടു വാഹനങ്ങളും വിൽക്കാൻ സാജൻ തീരുമാനിച്ചിരുന്നു. ഫ്ളാറ്റ് വാങ്ങാൻ ഒരാൾ എത്തിയെങ്കിലും വിലയുടെ കാര്യത്തിൽ ധാരണയിൽ എത്താനായില്ല. കൂട്ടത്തിലുള്ളവർ തന്നെ ഇതിന് പാരവച്ചതായും ആരോപണം ഉയരുന്നുണ്ട്.
മൊഴിയെടുപ്പും ചോദ്യംചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. എന്നാൽ ഐ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നത് കേരളത്തിൽ സാധ്യമല്ലെന്നും ഭീമമായ തുക ചെലവ് വരുമെന്നുമാണ് അന്വേഷണസംഘം നല്കുന്ന സൂചന.