തളിപ്പറമ്പ്: ഓഡിറ്റോറിയത്തിന് നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്ത് ഉടമയായ പ്രവാസി വ്യവസായിയെ തൂങ്ങി മരിച്ചു. സംഭവത്തിൽ ആന്തൂർ നഗരസഭാ അധികൃതർക്കെതിരെ ജനരോഷമുയരുന്നു. കുറ്റിക്കോൽ നെല്ലിയോട്ടെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമ കൊറ്റാളി അരയമ്പേത്തെ പാറയിൽ സാജനെയാണ് (49) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ ആറോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറ്റിക്കോൽ നെല്ലിയോട്ട് നിർമിച്ച കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രേ. നിസാര കാരണങ്ങൾ പറഞ്ഞ് നഗരസഭ കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിംഗ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവൻ സാജൻ കൺവെൻഷൻ സെന്ററിനായി മുടക്കിയിരുന്നു.15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. ആന്തൂർ നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി, നഗരസഭാ എൻജിനിയർ എന്നിവരെ ലൈസൻസ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും നീതി കിട്ടാത്തതിൽ ദുഃഖിതനായാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നത്.
മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൊറ്റാളിയിലെ പരേതരായ ലക്ഷമണൻ – മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: പാർത്ഥിവ് (പ്ലസ് വൺ വിദ്യാർഥി), അർപ്പിത. സഹോദരങ്ങൾ: ശ്രീജിത്ത്, ഗുണശീല, വത്സല, ശ്രീലത.