കണ്ണൂർ: രാഷ്ട്രീയക്കളികളിൽ ബലിയാടായി ഉദ്യോഗസ്ഥർ. ആന്തൂർ പഞ്ചായത്തിൽ ഓഡിറ്റോറിയം പണിത പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരുകയാണ് സിപിഎം.
പാർട്ടി അനുഭാവികൂടിയായ കണ്ണൂർ കൊറ്റാളി സ്വദേശി പാറയിൽ സാജന്റെ മരണം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് മുനിസിപ്പൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർമാർ എന്നിവരെ സസ്പെൻഡ് ചെയത് പ്രശ്നത്തിന് താത്കാലിക വിരാമമിടാൻ സർക്കാർ തീരുമാനിച്ചത്.
നിർമാണത്തിലുണ്ടായ വ്യതിയാനങ്ങൾക്ക് പിഴയടപ്പിച്ചും പരിഹരിക്കാൻ ആവശ്യപ്പെട്ടും അനുമതി നല്കുന്നതിന് എൻജിനിയറും ഓവർസിയർമാരും തയാറായിരുന്നെങ്കിലും സെക്രട്ടറി സമ്മതിച്ചില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
സെക്രട്ടറിക്ക് രാഷ്ട്രീയനേതൃത്വത്തിൽനിന്ന് സമ്മർദമുണ്ടായിരുന്നോ എന്നാണ് സംശയമുയരുന്നത്. വിജിലൻസ് അന്വേഷണമുണ്ടായാൽ ഉദ്യോഗസ്ഥരായിരിക്കും കുടുങ്ങുക എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി കീഴുദ്യാഗസ്ഥരെ കാർക്കശ്യത്തിന് പ്രേരിപ്പിച്ചത്.
ഓഡിറ്റോറിയത്തിന്റെ നിർമാണത്തിൽ ചില അപാകതകളുമുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കെട്ടിടം നിർമിച്ച കോൺട്രാക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിദേശത്തായിരുന്ന സാജൻ ഇക്കാര്യത്തിൽ നിസഹായനായിരുന്നു.
കംപ്ലീഷൻ പ്ലാൻ അനുവദിച്ച് കെട്ടിട നമ്പർ കിട്ടാൻ നല്കിയ അപേക്ഷപ്രകാരം ഓവർസിയറും എൻജിനിയറും പരിശോധന നടത്തി റിപ്പോർട്ട് നല്കിയതിനെത്തുടർന്ന് സെക്രട്ടറി സ്ഥലം സന്ദർശിച്ചു. ഇതിനുശേഷം 15 ന്യൂനതകൾ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി കീഴുദ്യോഗസ്ഥർക്ക് ഫയൽ തിരിച്ചയച്ചത്. ഇവർ എട്ട് ന്യൂനതകൾ പരിഹൃതമാണെന്നുകാട്ടി ഫയൽ വീണ്ടും സെക്രട്ടറിക്കു നല്കി. പിന്നീടാണ് സാജൻ ജീവനൊടുക്കിയത്.
വൈസ് ചെയർമാന്റെ വാർഡിലാണ് വിവാദമായ പാർത്താ കൺവൻഷൻ സെന്റർ. വൈസ്ചെയർമാനും ചെയർപേഴ്സണും തമ്മിലുള്ള അഭിപ്രായഭിന്നത നേരത്തേ മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്.