തളിപ്പറമ്പ്: പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ തെളിവില്ലെന്ന് പോലീസ്. നിലവിൽ അസ്വാഭാവിക മരണത്തിന് വളപട്ടണം പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണസംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചാൽ മാത്രമേ പുതിയ വകുപ്പുകൾ കോടതിയുടെ ഉത്തരവ് പ്രകാരം ചേർക്കുകയുള്ളൂ.
നിലവിൽ സാജന്റെ ഭാര്യ ബീന പി.കെ.ശ്യാമളയാണ് ഭർത്താവിന്റെ ആത്മഹത്യക്ക് കാരണമെന്ന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ശ്യാമളയെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പോലീസിന് സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്കും പി.കെ.ശ്യാമളയ്ക്കും ഒരു വിധത്തിലുള്ള വീഴ്ച്ചകളും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രി ഇ.പി.ജയരാജനും വ്യക്തമാക്കിക്കഴിഞ്ഞു.
പുതുതായി നിയമിതരായ സെക്രട്ടറിയും എൻജിനിയറും ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. മുൻ ജീവനക്കാർ നൽകിയ കാര്യങ്ങൾ തന്നെയാണ് പുതിയ ഉദ്യോഗസ്ഥരും ഓഡിറ്റോറിയം അധികൃതർക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
ഈയൊരു കാര്യത്തിന്റെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെങ്കിൽ പുതിയ നോട്ടീസ് പ്രകാരം ഇപ്പോഴത്തെ നടത്തിപ്പുകാരൻ ആത്മഹത്യ ചെയ്യേണ്ടതല്ലേ എന്നാണ് പോലീസ് ചോദിക്കുന്നത്. നഗരസഭ നിർദ്ദേശിച്ച പ്രകാരമുള്ള മാറ്റങ്ങൾ ഓഡിറ്റോറിയം അധികൃതർ വരുത്തിക്കൊണ്ടിരിക്കയാണ്.
എന്നാൽ ഓഡിറ്റോറിയത്തിന് പിറകിൽ നിർമിച്ച വാട്ടർ ടാങ്ക് കൂടി മാറ്റിയാൽ മാത്രമേ നഗരസഭാ നമ്പർ ലഭിക്കൂ. എന്നാൽ ഇത് മാറ്റാൻ സാധിക്കാത്ത നിലയിലാണ്.ഇത് സംബന്ധിച്ച് സെക്രട്ടറി സർക്കാരിലേക്ക് എഴുതിയാൽ സർക്കാറിന് അംഗീകാരം നൽകാനും സാധിക്കും.ഈ സാഹചര്യത്തിൽ എങ്ങനെയാണ് ജീവനക്കാർക്കെതിരെ കേസെടുക്കുക എന്നാണ് ബന്ധപ്പെട്ടവർ ചോദിക്കുന്നത്