കണ്ണൂർ: പണമുണ്ടായത് കൊണ്ടു മാത്രം കാര്യമില്ലെന്നും ചുറ്റും വികസന വിരോധികളാണെന്നും ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഡയറിക്കുറിപ്പ്. നോട്ടുപുസ്തകത്തിൽ എഴുതിയ കുറിപ്പുകളിൽ കുറ്റപ്പെടുത്തുന്ന രീതിയിൽ ആരുടെയും പേരുകൾ എടുത്തു പറയുന്നില്ലെങ്കിലും സഹായിച്ചവരുടെ പേരുകൾ എടുത്തു പറയുന്നുണ്ട്.
കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി, സിപിഎം നേതാക്കളായ ജയിസ് മാത്യു എംഎൽഎ, പി. ജയരാജൻ എന്നിവരുൾരപ്പെടെയുള്ളവർ സഹായിച്ചിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു. വികസന വിരോധികളായ ചിലരാണ് നായനാരുടെ നാട്ടിലുള്ള എന്റെ സ്വപ്ന പദ്ധതി തകർത്തതെന്നും കുറിപ്പുണ്ട്.
അതിനിടെ കണ്ണൂർ നാർക്കോടിക് സെൽ ഡിവൈഎസ് പി വി.എം. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുക്കും. അന്വേഷണ സംഘം പാർഥാ കൺവൻഷൻ സെന്റർ സന്ദർശിച്ച് തെളിവെടുപ്പും നടത്തും. സംഭവത്തിൽ ആരോപണ വിധേയയായ ആന്തൂർ ചെയർപേഴ്സൺ പി.കെ. ശ്യാമളയെ കേസിൽ പ്രതിചേർക്കാത്തതിനാൽ ഇവർക്ക് നോട്ടീസ് കൊടുക്കണമെന്ന് നിർബന്ധമില്ല.
അതേ സമയം സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും പ്രതി ചേർക്കണമോ എന്ന കാര്യം തീരുമാനിക്കുക.
ഇന്നലെ രാവിലെ ആന്തൂർ നഗരസഭാ ഓഫീസിൽ എത്തിയ അന്വേഷണ സംഘം നഗരസഭാ ഉദ്യോഗസ്ഥരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.സാജന്റെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥർക്കും എതിരെ ബന്ധുക്കൾ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതിയും നൽകിയിരുന്നു.