തിരുവനന്തപുരം: ഒളിന്പിക്സിൽ പങ്കെടുത്ത് മടങ്ങിയെത്തിയ സജൻ പ്രകാശിന് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്കി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
ഒളിന്പിക്സിൽ മെഡൽനേട്ടം സ്വന്തമാക്കാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും എന്നാൽ പോയ കാര്യങ്ങൾ ഓർത്ത് സമയം കളയുകയല്ല, വരുന്ന കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ നേട്ടമാണ് ഇനിയുള്ള ലക്ഷ്യമെന്നും സാജൻ പറഞ്ഞു.
കേരള ഒളിന്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാറും സജൻ പ്രകാശിന് പൂച്ചെണ്ട് സമ്മാനിച്ചു. പോലീസ് സേനയുടെ സ്മരണിക സാജൻ പ്രകാശിന് സംസ്ഥാന പോലീസ് മേധാവി കൈമാറി.
സേനയുടെ പാരിതോഷികമായി മൂന്ന് ലക്ഷം രൂപയുടെ ചെക്കും അദ്ദേഹത്തിന് സമ്മാനിച്ചു. നേരത്തെ, ഡൽഹിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ സാജൻ പ്രകാശിന് ഹൃദ്യമായ വരവേൽപ്പ് നൽകി.
പോലീസ് ബാൻഡ്, കുതിര പോലീസ്, മോട്ടോർ സൈക്കിൾ, പോലീസ് കമാൻഡോ സംഘം എന്നിവയുടെ അകന്പടിയോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചത്.