കൊച്ചി: മിമിക്രി കലാകാരനും നടനുമായ സാജൻ പള്ളുരുത്തി മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചു. മിമിക്രി കലാകാരനായിരുന്ന കലാഭവൻ സാജൻ മരിച്ചതിന് പിന്നാലെയാണ് സാജൻ പള്ളുരുത്തിയാണ് മരിച്ചതെന്ന തരത്തിലുള്ള പ്രചരണം നടന്നത്. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സാജൻ പള്ളുരുത്തിയുടെ ചിത്രം അടക്കം മരണവാർത്ത പ്രചരിച്ചു. ഇതൊന്നും അറിയാത്ത ചിലർ ജീവിച്ചിരിക്കുന്നയാൾ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെയാണ് കരൾ രോഗബാധിതനായ കലാഭവൻ സാജൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇതിന് പിന്നാലെയാണ് ചിലർ മരിച്ചത് സാജൻ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിച്ചത്. മരണവാർത്ത വളരെ പെട്ടന്ന് പ്രചരിച്ചതോടെ സാജന്റെ സുഹൃത്തുക്കൾ രംഗത്തുവന്നു. സാജൻ പള്ളുരുത്തി മരിച്ചിട്ടില്ലെന്ന് ഷൂട്ടിംഗിലാണെന്നും വാർത്ത തെറ്റാണെന്നും അവർ അറിയിച്ചു.