മൂലമറ്റം: നിരവധി ക്രിമിനല് കേസുകളില് പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില് സാജന് സാമുവലി (47)നെ കൊലപ്പെടുത്തി മൃതദേഹം തേക്കിന്കൂപ്പില് തള്ളിയ കേസില് ഇതു വരെ പിടിയിലായത് എട്ടു പേര്. മണപ്പാടി സ്വദേശി ഷാരോണ് ബേബി, അറക്കുളം സ്വദേശി അശ്വിന് കണ്ണന്, കണ്ണിക്കല് അരീപ്ലാക്കല് ഷിജു, മൂലമറ്റം താഴ്വാരം കോളനി അഖില് രാജു, ഇലപ്പള്ളി സ്വദേശി മനോജ്, മൂലമറ്റം സ്വദേശി പ്രിന്സ് അജേഷ്, വിഷ്ണുരാജ്, രാഹുല് ജയന് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഏതാനും പേരെ പിടി കൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ തെളിവെടുപ്പിനുശേഷം കോടതിയില് ഹാജരാക്കും.30ന് നടന്ന കൊലപാതകത്തില് പോലീസിനു വിവരം ലഭിച്ചിട്ടും മൃതദേഹം കണ്ടെത്താന് വൈകിയതു സംബന്ധിച്ച് ആക്ഷേപമുയര്ന്നിട്ടുണ്ട്.
രണ്ടിനു രാവിലെയാണ് കനാലിനു സമീപം പായില് പൊതിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയത്. എരുമാപ്രയില് പള്ളിയുടെ പെയിന്റിംഗിനായി പോയ സംഘവും സാജനുമായി ഉണ്ടായ വാക്കുതര്ക്കത്തിനൊടുവില് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള് പോലീസിനു നല്കിയ വിവരം. കൊലക്കേസും കാപ്പയും ഉള്പ്പെടെ അനവധി കേസുകളില് പ്രതിയാണ് കൊല്ലപ്പെട്ട സാജന്.
യുവാക്കളും ഇയാളുമായി വാക്കുതര്ക്കം ഉണ്ടാവുകയും സാജനെ വായില് തുണി തിരുകി കമ്പിവടിക്ക് തലയ്ക്കടിച്ചു കൊന്ന് പായില് പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയില് കയറ്റി മൂലമറ്റത്തെ തേക്കുംകൂപ്പില് ഉപേക്ഷിക്കുകയായിരുന്നു. വാഹനമിടിച്ചു ചത്ത കാട്ടുപന്നിയാണെന്നാണ് ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നത്.
മൂലമറ്റത്ത് കെട്ട് ഇറക്കി തിരിച്ചുപോയ ഡ്രൈവര് സംശയം തോന്നി വീട്ടില് ചെന്ന് പിതാവിനോട് വിവരം പറഞ്ഞു. ഇയാള് കാഞ്ഞാര് എസ്ഐ ബൈജു പി. ബാബുവിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രിയില് തേക്കിന്കൂപ്പും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നാണ് പോലീസ് പറഞ്ഞത്.
പിറ്റേ ദിവസം രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കനാലിനോട് ചേര്ന്ന് കുറ്റിക്കാട്ടില് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. സാജന്റെ ബന്ധുക്കളെത്തിയാണ് പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞത്. പ്രതികള് ചേര്ന്ന് മൃതദേഹം മറവു ചെയ്യാനും ശ്രമം നടത്തി. കുഴിയെടുക്കാനുള്ള ആയുധങ്ങളുമായി എത്തി ഇതിനുള്ള ശ്രമം നടത്തുന്നതിനിടെ തേക്കിന്കൂപ്പിലൂടെ പോലീസ് വാഹനം വരുന്നതു കണ്ട് ശ്രമം ഉപേക്ഷിച്ച് പോകുകയായിരുന്നു.
പായയുടെ പുറത്തേക്കു നീണ്ടുനിന്ന കൈ വെട്ടിമുറിച്ചു മാറ്റുകയും ചെയ്തു. ഇത് പിന്നീട് നടത്തിയ പരിശോധനയില് കണ്ടെത്തി.പ്രതികളുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന സാജന് മൂലമറ്റത്ത് പതിവായി വന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്. ഷാരോണിനെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് തമിഴ്നാട്ടിലേക്കു കടക്കാന് വാഗമണ് വഴി ബസിനു പോകുമ്പോഴാണ് വാഗമണ് പോലീസിന്റെ സഹായത്തോടെ മറ്റു പ്രതികളെ കസ്റ്റഡിയിലെടുത്തത്.മൃതദേഹം വാഹനത്തില് കയറ്റാന് സഹായിച്ചവരും മറ്റും ഇനി പിടിയിലാകാനുണ്ട്. കഞ്ചാവ്, മോഷണ കേസുകളില് ഉള്പ്പെട്ടവരാണ് പിടിയിലായ പ്രതികള്.
രണ്ടാഴ്ച മുമ്പ് സ്കൂട്ടറില് പോയ രണ്ട് കുട്ടികളെ കാറിടിപ്പിച്ച് പരിക്കേല്പ്പിച്ച കേസിലെ പ്രതികളും ഇതില് ഉള്പ്പെടും. കൊലപാതകം നടന്നത് എരുമാപ്രയിലായതിനാല് മേലുകാവ് പോലീസിനാണ് തുടര് അന്വേഷണ ചുമതല.