തിരുവനന്തപുരം: തൊട്ടതെല്ലാം പൊന്നാക്കി സജൻ. ആ പൊന്നുകൾക്കു റിക്കാർഡിന്റെ തിളക്കവും. ദേശീയ നീന്തൽ മത്സരത്തിന്റെ മൂന്നാം ദിനം ഇരട്ടറിക്കാർഡുമായി സജൻ പ്രകാശ് കേരളത്തിന് സമ്മാനിച്ചത് രണ്ടു സ്വർണം. മൂന്നു ദിനം പിന്നിട്ടപ്പോൾ സജന്റെ സന്പാദ്യം നാലു സ്വർണം. ഈ നാലു സ്വർണത്തിനും റിക്കാർഡിന്റെ അകന്പടിയും.
ട്രിപ്പിൾ സ്വർണത്തിന് അർഹയായ ദില്ലിയുടെ വനിതാ താരം റിച്ച മിശ്രയും ഇന്നലെ പിരപ്പൻകോട് മിന്നും പ്രകടനം നടത്തി. ദേശീയ നീന്തൽ മത്സരത്തിന്റെ മൂന്നാം ദിനം നാലാം റിക്കാർഡോടെയാണ് കേരളത്തിനുവേണ്ടി ഇടുക്കിക്കാരനായ സജൻ പ്രകാശ് സ്വർണനേട്ടം കൈവരിച്ചത്. 400 മീറ്റർ ഫ്രീ സ്റ്റൈലിൽ മൂന്നു മിനിറ്റ് 54. 93 സെക്കൻഡിൽ സജൻ ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ മാഞ്ഞുപോയത് മഹാരാഷ്ട്രയുടെ സൗരവ് സാംങ് വാക്കർ സ്ഥാപിച്ച മൂന്നു മിനിറ്റ് 56.17 എന്ന സമയം.
നിലവിലെ റിക്കാർഡ് ജേതാവ് ഈ ഇനത്തിൽ മത്സരിക്കാനിറങ്ങിയെങ്കിലും നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. തൊട്ടുപിന്നാലെ നടന്ന പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ളൈയിലും സ്വന്തം പേരിലുള്ള റിക്കാർഡ് തിരുത്തിയാണ് സജൻ സ്വർണം സ്വന്തമാക്കിയത്. 0.53.46 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ വഴിമാറിയത് സജൻ തന്നെ കഴിഞ്ഞ വർഷം ഭോപ്പാലിൽ സ്ഥാപിച്ച 0.53.83 എന്നസമയം.
മീറ്റിന്റെ ആദ്യദിനം 200 മീറ്റർ ഫ്രീസ്റ്റൈൽ, മെഡ്ലേ എന്നിവയിൽ സജൻ റിക്കാർഡോടെ സ്വർണം നേടിയിരുന്നു. ഇതോടെ മീറ്റിന്റെ താരം സജനായി. കേരളം സ്വന്തമാക്കിയ നാലു സ്വർണവും സമ്മാനിച്ചത് സജനാണ്. മീറ്റിൽ ഇന്നലെ ആകെ നാലു റിക്കാർഡുകൾ കുറിക്കപ്പെട്ടു.
200, 400 മെഡ്ലേകളിൽ സ്വർണം നേടിയ റിച്ചഇന്നലെ 500 മീറ്റർ ഫ്രീസ്റ്റൈലിൽ 17 മിനിറ്റ് 41.76 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഈ ഇനത്തിൽ റിച്ചയ്ക്ക് റിക്കാർഡ് നഷ്ടമായത്. കർണാടകയുടെ വി. മാളവിക ഈയിനത്തിൽ സ്ഥാപിച്ച 17 മിനിറ്റ് 39.16 സെക്കൻഡാണ് നിലവിലെ റിക്കാർഡ്. റിക്കാർഡ് മറികടക്കാൻ സാധിച്ചില്ലെങ്കിലും സുവർണനേട്ടം കൈവരിക്കാൻ സാധിച്ചത് അഭിമാനകരമെന്നു റിച്ച പറഞ്ഞു.
പുരുഷൻമാരുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ റിക്കാർഡോടെ കർണാടകയുടെ ശ്രീഹരി നടരാജൻ സ്വർണം സ്വന്തമാക്കി. രണ്ട് മിനിറ്റ് 02.37 സെക്കൻഡിൽ ശ്രീഹരി ഫിനിഷ് ചെയ്തപ്പോൾ വഴിമാറിയത് ശ്രീഹരി തന്നെ 2017 ൽ സ്ഥാപിച്ച രണ്ടുമിനിറ്റ് 03.89 എന്ന സമയം. കഴിഞ്ഞ മാസം ഏഷ്യൻ ഗെയിംസിൽ നീന്തിയെത്തിയ സമയത്തേക്കാൾ മികച്ച പ്രകടനം ശ്രീഹരിക്ക് പിരപ്പൻകോട് കാഴ്ച്ചവെയ്ക്കാൻ സാധിച്ചു. 50 മീറ്റർ ബാക് സ്ട്രോക്കിലും ഈ കർണാടകക്കാരൻ റിക്കാർഡ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഇരട്ട സ്വർണത്തിനും ഉടമയായി.
വനിതകളുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ ഗുജറാത്തിന്റെ മാനാ പട്ടേൽ ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. തുടക്കം മുതൽ വ്യക്തമായ ആധിപത്യത്തോടെയാണ് മാനാ സുവർണകുതിപ്പ് നടത്തിയത്.
രണ്ടു മിനിറ്റ് 20. 42 സെക്കൻഡിലാണ് മാനാ ഫിനിഷ് ചെയ്തത്.ഇതോടെ മീറ്റിൽ ഈ ഗുജറാത്തുകാരിയുടെ സുവർണനേട്ടം രണ്ടായി. 100 മീറ്റർ ബട്ടർഫ്ളൈയിൽ വനിതകളിൽ സ്വിമ്മിംഗ് ഫെഡറേഷന്റെ തൃഷാ കർഹനീഷ് ഒരു മിനിറ്റ് 03.62 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിൽ മുത്തമിട്ടു. 50 മീറ്റർ ബട്ടർഫ്ളൈയിൽ 26.92 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വിമ്മിംഗ് ഫെഡറേഷന്റെ കനിഷാ ഗുപ്ത സ്വർണം നേടി.
450 മീറ്റർ മിക്സഡ് ഫ്രീസ്റ്റൈലിൽ റിക്കാർഡോടെ സ്വിമ്മിംഗ് ഫെഡറേഷൻ ഒരു മിനിറ്റ് 40.00 സെക്കൻഡിൽ നീന്തിയെത്തി സ്വർണനേട്ടത്തിന് അർഹരായി. രണ്ടാം സ്ഥാനത്തെത്തിയ റെയിൽവേയും നിലവിലുള്ള റിക്കാർഡ് മറികടക്കുന്ന സമയം(1:40.70) കുറിച്ചു. വനിതാ വിഭാഗം 4200 ഫ്രീസ്റ്റൈലിൽ കർണാടക ഒൻപത് മിനിറ്റ് 05.55സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി.
തോമസ് വർഗീസ്