സ്വന്തം ലേഖകൻ
കണ്ണൂർ: പ്രവാസിവ്യവസായി ആന്തൂരിലെ സാജൻ പാറയിൽ ആത്മഹത്യചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. തളിപ്പറന്പ് സബ് കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. തുടർന്ന് ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
മട്ടന്നൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് അടുത്തയാഴ്ച ചുമതലയേൽക്കുന്നതിനു മുന്നോടിയായാണ് വളപട്ടണം സിഐ എം. കൃഷ്ണൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.
സാജന്റെ ആത്മഹത്യയ്ക്കു കാരണം സാന്പത്തികപ്രതിസന്ധിയും കൺവൻഷൻ സെന്ററിന്റെ പണി പൂർത്തിയായിട്ടും ആന്തൂർ നഗരസഭ പ്രവർത്തനാനുമതി നൽകാത്തതിലുള്ള മാനസിക സംഘർഷവുമാണെന്നാണ് അന്വേഷണറിപ്പോർട്ടിലുള്ളതെന്നാണു സൂചന. കടുത്ത സാന്പത്തികപ്രതിസന്ധി ഇല്ലെന്നാണു കണ്ടെത്തൽ.
സാജന്റെ ഉടമസ്ഥതയിലുള്ള രണ്ടു ഫ്ലാറ്റുകൾ വിൽക്കാനുണ്ടെന്നും അതു വിറ്റാൽ സാന്പത്തിക പ്രശ്നം തീരാവുന്നതേയുള്ളൂവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതായി സൂചനയുണ്ട്.
കെട്ടിടത്തിലെ നിർമാണ അപാകതയെക്കുറിച്ചുള്ള നഗരസഭാസെക്രട്ടറിയുടെ റിപ്പോർട്ടിലെ ചില കാര്യങ്ങൾ അന്വേഷണസംഘം ശരിവയ്ക്കുന്നുണ്ട്. കൺവൻഷൻ സെന്ററിന്റെ കെട്ടിടത്തിൽ അപാകതയുള്ളതായി സംസ്ഥാന വിജിലൻസും കണ്ടെത്തിയിരുന്നു.
എന്നാൽ കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ വൈകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്തൂർ നഗരസഭയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ തരത്തിലാണ് അന്വേഷണറിപ്പോർട്ട്.
കേസിൽ ആർക്കെതിരേയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. സത്യസന്ധമായി എല്ലാവശങ്ങളും അന്വേഷിച്ചാണ് അന്വേഷണറിപ്പോർട്ട് തയാറാക്കിയതെന്ന് സിഐ എം. കൃഷ്ണൻ രാഷ്ട്രദീപികയോട് പറഞ്ഞു.
സാജന്റെ ലാപ്ടോപ്, ആന്തൂർ നഗരസഭാകാര്യലയത്തിലെ സിസിടിവി ദൃശ്യങ്ങൾ, കൺവൻഷൻ സെന്ററിന്റെ ഘടന തുടങ്ങിയവ അന്വേഷണസംഘം പരിശോധിച്ചു.
ബന്ധുക്കളും ആന്തൂർ നഗരസഭ ജീവനക്കാരും സാജന്റെ ഡ്രൈവറും സുഹൃത്തുക്കളും ഉൾപ്പെടെ നൂറോളം പേരിൽനിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയും ചെയർപേഴ്സണും കൺവൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
15 കോടി മുതൽമുടക്കിൽ നിർമിച്ച കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.
നൈജീരിയയിൽ ജോലി ചെയ്തിരുന്ന സാജൻ മൂന്നുവർഷം മുന്പ് നാട്ടിൽ തിരിച്ചെത്തിയശേഷമാണ് തളിപ്പറന്പ് ബക്കളത്ത് കൺവൻഷൻ സെന്റർ നിർമാണം തുടങ്ങിയത്. തുടക്കം മുതൽ കൺവൻഷൻ സെന്ററിനെതിരേ ആന്തൂർ നഗരസഭ പലതരത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു.
ഒരുഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചുനീക്കാൻ പോലും നഗരസഭ ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. 2019 ജൂൺ 18നാണ് കണ്ണൂർ കക്കാടുള്ള വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ സാജനെ കണ്ടെത്തിയത്.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയ്ക്കെതിരേ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള രാഷ്ട്രീയസംഘടനകൾ സമരത്തിനിറങ്ങിയിരുന്നു.