കണ്ണൂർ: തനിക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തി കൺവൻഷൻ സെന്ററിന് അനുമതി നിഷേധിച്ച വിഷയം വഴിതിരിച്ചുവിടാൻ ആസൂത്രിതമായ നീക്കം നടക്കുന്നതായും അപവാദ പ്രചാരണങ്ങൾക്കു പിന്നിൽ സിപിഎമ്മാണെന്നും ജീവനൊടു ക്കിയ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. തങ്ങൾക്കെതിരേ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ബീന കൂട്ടിച്ചേർത്തു.
“”കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അപവാദ പ്രചാരണം തുടർന്നാൽ തനിക്കും മക്കൾക്കും സാജന്റെ വഴി തേടേണ്ടിവരും. അപവാദ പ്രചാരണം നടത്തുന്നവർ തന്റെയും മക്കളുടെയും ഭാവിയെങ്കിലും ആലോചിക്കണം. സാജന്റെ മരണം ഞങ്ങളുടെ കുടുംബത്തിന് അതിതീവ്രമായ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ അപവാദ പ്രചാരണത്തിലൂടെ വീണ്ടും ദുഃഖിപ്പിക്കുകയാണ്.
സാജനെക്കുറിച്ച് നാട്ടുകാർക്കും മറ്റുള്ളവർക്കും നല്ലതുപോലെയറിയാം. സിപിഎമ്മിനെ ഏറെ സ്നേഹിച്ച അദ്ദേഹത്തിന് ആ പാർട്ടിയിൽനിന്നുതന്നെയുണ്ടായ കയ്പേറിയ അനുഭവം കനത്ത ആഘാതമാണുണ്ടാക്കിയത്. ഞങ്ങൾ തമ്മിൽ കുടുംബപ്രശ്നം ഉണ്ടായെന്ന രീതിയിലാണ് അപവാദ പ്രചാരണം നടക്കുന്നത്. മകൾ അങ്ങനെ മൊഴി നൽകിയെന്നാണ് അപവാദം പറഞ്ഞുപരത്തുന്നത്”- ബീന പറഞ്ഞു.
എന്നാൽ, കുടുംബപ്രശ്നം ഉണ്ടായിരുന്നുവെന്ന തരത്തിൽ യാതൊരു മൊഴിയും താൻ നൽകിയിട്ടില്ലെന്ന് മകൾ അർപ്പിത തീർത്തുപറഞ്ഞു.
കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നത് വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ കുടുംബത്തിൽ ഒരുതരത്തിലുമുള്ള പ്രശ്നങ്ങളില്ല. പിതാവിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിക്കുന്നത് താനാണെന്നു മകൻ പാർഥിവ് പറഞ്ഞു.
അച്ഛനുമായി ഒരു സുഹൃത്ത് പലപ്പോഴായി ഫോണിൽ അസമയത്തും മറ്റും സംസാരിച്ചെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അച്ഛന്റെ സുഹൃത്ത് എന്നതുപോലെ അദ്ദേഹം എന്റെയും സുഹൃത്താണ്. ഓൺലൈൻ വീഡിയോ ഗെയിം താൻ കളിക്കാറുണ്ട്. ഇതിനിടെ താൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ഇതാണ് തെറ്റായരീതിയിൽ ചിലർ പ്രചരിപ്പിക്കുന്നതെന്നും പാർഥിവ് പറഞ്ഞു.